പ്രഥമ പത്മരാജൻ നോവൽ പുരസ്കാരം സുഭാഷ് ചന്ദ്രൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സമുദ്രശിലയ്ക്ക്. പുരസ്കാരലബ്ധിയെപ്പറ്റി സുഭാഷ്ചന്ദ്രൻ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.

മലയാളികൾക്കെല്ലാം പ്രിയങ്കരനായ പത്മമരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പത്മമരാജൻ നോവൽപുരസ്കാരത്തിന് എന്റെ സമുദ്രശില അർഹമായി എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കാണുവാൻ വേണ്ടി കളമശ്ശേരിയിലുളള സെന്റ് പോൾസ് കോളേജിലേക്ക് കൂട്ടുകാരുമൊത്ത് പോയത് എനിക്കിന്നും കെടാത്ത ഒരോർമയാണ്. പിന്നീട് ഞാൻ വന്നു ചേർന്ന കോഴിക്കോട് വച്ച് അദ്ദേഹത്തിന്റെ അകാലമരണം സംഭവിച്ചപ്പോൾ ഞാനാ മൃതദേഹം കാണാൻ പോയില്ല. പത്മരാജൻ എന്നെക്കാൾ ഇളയതാണ് എന്ന് ഈ നാൽപ്പത്തിയെട്ടാം വയസ്സിൽ ഇരുന്ന് സങ്കല്പിക്കുമ്പോൾ സത്യത്തിൽ ഞാൻ നടുങ്ങുന്നുണ്ട്. എത്രയോ മുതിർന്ന, എത്രയോ തികവാർന്ന, എത്രയോ ഉന്നതനായ ഒരു പ്രതിഭാശാലിയുടെ മരണം എന്നല്ലാതെ നാല്പത്തിയാറാം വയസ്സിലെ മരണം എന്ന ഞെട്ടലായിരുന്നില്ല അത് കേൾക്കുമ്പോളുണ്ടായത്. കാരണം അത്രയധികം അദ്ദേഹം സിനിമയിൽ, സാഹിത്യത്തിൽ വലുതായിക്കഴിഞ്ഞിരുന്നു.

നാല്പത്തെട്ടു വയസ്സുകാരനായ എന്നെ ഇപ്പോളും ചില സദസ്സുകളിൽ യുവസാഹിത്യകാരൻ എന്നുപറഞ്ഞ് പരിചയപ്പെടുത്തുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. യുവാവായിരിക്കുന്നത് സന്തോഷം തന്നെയെങ്കിലും മുപ്പത് വർഷത്തിലധികമായി കഥയും നോവലുമൊക്കെ എഴുതുന്ന ഒരാളെന്ന നിലയ്ക്ക് അത് അത്ര ഉചിതമാണെന്നു തോന്നുന്നില്ല.

samudrasila

സമുദ്രശില വാങ്ങാം

പത്മരാജന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിനമാണിന്ന്. എഴുപത്തിയഞ്ച് വയസ്സുപോലും അത്രയധികം പ്രായമല്ല നമ്മുടെ ഈ കാലത്ത്. കോവിഡ് മഹാമാരി മൂലം ചടങ്ങുകൾ നീട്ടിവയ്ക്കപ്പെടുമെങ്കിലും ഈ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ഓർമയിലിരുന്നുകൊണ്ട് ഞാനിത് ഒരനുഗ്രഹം പോലെ സ്വീകരിക്കുന്നു. സമുദ്രശിലയിലെ അംബ എന്ന കഥാപാത്രം തന്റെ മകന് ഇടാനാഗ്രഹിച്ചിരുന്ന പേര് പത്മരാജൻ എന്നു തന്നെയായിരുന്നു. പക്ഷേ പ്രതിഭാശാലികളോട് കടുത്ത അസഹിഷ്ണുതയുള്ള തന്റെ ഭർത്താവിന്റെ നീരസം ഭയന്ന് അവൾ പത്മരാജന്റെ മകന്റെ പേരാണ്, അനന്തപത്മനാഭൻ എന്നാണ് മകനിട്ടത്.

പത്മരാജനെ തന്റെ ഭാര്യയ്ക്ക് ആദരവാണ്, പ്രിയമാണ് എന്നുകണ്ട് പത്മരാജനെക്കുറിച്ചുള്ള ദോഷവർത്തമാനങ്ങൾ എല്ലാ മലയാളിയെയും പോലെ, അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥകൾ ഭാര്യയെ പറഞ്ഞുകേൾപ്പിക്കുന്ന ഭർത്താവായിട്ടാണ് സമുദ്രശിലയിൽ ഞാൻ അംബയുടെ ഭർത്താവിനെ ചിത്രീകരിച്ചത്. തീർച്ചയായും അംബയ്ക്കാണ് ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നത്. അവർ പത്മരാജനെ അത്രയധികം സ്നേഹിച്ചിരുന്നു. പത്മരാജന്റെ ആത്മാവിനെന്നതു പോലെ അംബയുടെ ആത്മാവിനും നിത്യശാന്തി നേർന്നുകൊണ്ട് ഞാനീ പുരസ്കാരം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു.

Content Highlights: Subhash chandran talks about Dedut Padmarajan Novel Puraskaram To Samudrashila