ശ്രീ സംസ്‌കൃത സര്‍വകലാശാല കാലടി, മലയാള വിഭാഗത്തില്‍ നിന്ന് കഴിഞ്ഞ മെയ് അവസാനം വിരമിച്ച ഡോ.എന്‍.അജയകുമാര്‍ മാഷിനോടുള്ള സ്‌നേഹോപഹാരമാണ് 'സൂത്രവാക്കുകള്‍' എന്ന കലാനിഘണ്ടു. അവിടെത്തെ പൂര്‍വ വിദ്യാര്‍ത്ഥികളായ ആദര്‍ശ് സി, രാജേഷ് എം ആര്‍ എന്നിവരാണ് ഈ നിഘണ്ടുവിന്റെ എഡിറ്റര്‍മാര്‍. ഗയ പുത്തകച്ചാലയാണ് പ്രസാധകര്‍.
സമകാലികമായ ആശയലോകത്തെ പരമാവധി അഭിമുഖീകരിച്ചുകൊണ്ടുള്ള കലാസൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പദകോശമാണ് സൂത്രവാക്കുകള്‍ എന്ന ഈ പുസ്തകം. കലയെക്കുറിച്ചുള്ള ചിന്ത, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്നുള്ള അന്വേഷണമാണ് ഈ കൃതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ കുറിപ്പുകള്‍ പരമാവധി ശ്രമിക്കുന്നതും ഈ ചോദ്യത്തെ പൂരിപ്പിക്കാനാണ്. അതേസമയം സാമ്പ്രദായികമായ കലാസങ്കല്പത്തിനു പുറത്തായ ധാരാളം കലാമാതൃകകളെയും ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പാഠകം പോലുള്ള ഒരു പ്രകടനത്തെ കലയായി പരിഗണിക്കുമ്പോള്‍ രാപ്രഭാഷണം (വഅള്), പാടിപ്പറച്ചില്‍ എന്നിവ കൂടി ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്.
പാചകവും ട്രോളും വരെ ഇതില്‍ വിഷയമാണ്. ഉര്‍വ്വരതയും ഞാറ്റുവേലയും മുതല്‍ ഫാഷനും ഗ്രാഫിക് ഡിസൈനും വരെ സൂത്രവാക്കുകളാകുന്നു. അതേസമയം ക്ലാസ്സിക്കല്‍ കലകളും ഫോക്കലകളും ആധുനികചിത്രകലാസങ്കേതങ്ങളും സാഹിത്യസങ്കല്പങ്ങളും സിനിമയും വരെ ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. പ്രമേയപരമായ സമഗ്രത അവകാശപ്പെടുന്ന വിജ്ഞാനകോശദൗത്യമല്ല, സങ്കല്പനപരമായ സമീപനമാണ് ഈ കൃതി പുലര്‍ത്തുന്നത്.
കാലടി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളവിഭാഗം പ്രൊഫസ്സറായി വിരമിച്ച ഡോ. എന്‍. അജയകുമാറിനോടുള്ള അവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും സ്‌നേഹോപഹാരമായ ഈ കൃതിയുടെ സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ ഒരുപാട് എഴുത്തുകാര്‍ ഇതില്‍ എഴുതിയിട്ടുണ്ട്. സച്ചിദാനന്ദന്‍, ആര്‍.നന്ദകുമാര്‍, സുനില്‍ പി ഇളയിടം, പി.എന്‍.ഗോപീകൃഷ്ണന്‍, ജി.ഉഷാകുമാരി, കവിതാ ബാലകൃഷ്ണന്‍, കെ.എം.അനില്‍, അജു കെ നാരായണന്‍, സുധീഷ് കോട്ടേമ്പ്രം ,ഏറ്റുമാനൂര്‍ കണ്ണന്‍ എന്നിങ്ങനെ പ്രശസ്തരായ എഴുത്തുകാരും കേരളത്തിലും കേരളത്തിനുപുറത്തുമുള്ള സര്‍വ്വകലാശാലകളിലെ യുവഗവേഷകരും ഇതില്‍ പങ്കാളികളായിട്ടുണ്ട്.
ഇരുനൂറോളം വാക്കുകളും നൂറ്റിപതിനേഴു എഴുത്തുകാരും ഈ നിഘണ്ടുവില്‍ സമ്മേളിച്ചിരിക്കുന്നു. ഗയ പുത്തകച്ചാലയാണ് ഇതിന്റെ പ്രസാധകര്‍. ക്രൗണ്‍ സൈസില്‍ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന് എണ്ണൂറ് രൂപയാണ് വില.
Content highlights : Student's gift kala nigandu as a retirement to the Professor