കുന്നംകുളം: 'ഐനാസ് ഒരു വി.ഐ.പി. പലഹാരമാണ്. പണ്ടൊക്കെ നാലാള്‍ക്കാരുടെ അകമ്പടിയില്‍ അംബാസിഡര്‍ കാറിന്റെയും ജീപ്പിന്റെയുമൊക്കെ മുകളില്‍ കെട്ടുകണക്കിന് കയറ്റി നാട്ടുകാര്‍ കാണത്തക്കവിധത്തില്‍ കൊണ്ടുപോകുന്ന വി.ഐ.പി. പലഹാരം. ഒരുകാലത്ത് നമ്മുടെ കുന്നംകുളത്തിലെയും സമീപപ്രദേശങ്ങളിലെയും പലഹാരക്കെട്ട് കൊണ്ടുപോകുന്ന ഏത് ചടങ്ങിലും ഒന്നാമന്‍ ഈ ഐനാസ് ആയിരുന്നു.' -കുന്നംകുളം 'കഥ കമ്പനി'യില്‍ കഥ തുടങ്ങുകയായി. ഓര്‍മകളെ ചികഞ്ഞെടുത്ത് നാടിന്റെ പലഭാഗങ്ങളില്‍നിന്നും പലരും എഴുതുകയാണ്.

കുന്നംകുളത്തിന്റെ ഗൃഹാതുരത്വമുള്ളതും പുതുമയുള്ളതുമായ കഥകള്‍ പറഞ്ഞ് 'കുന്നംകുളം കഥ കമ്പനി' എന്ന സാമൂഹികമാധ്യമകൂട്ടായ്മ വളരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ നാലായിരത്തഞ്ഞൂറിലേറെ അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. കഥകളും ജീവിതാനുഭവങ്ങളുമായി എഴുനൂറിലേറെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 'അങ്ങാടിച്ചെപ്പ്' എന്ന പേരില്‍ ഓണ്‍ലൈന്‍ വാര്‍ഷികപ്പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

കുന്നംകുളത്തെ അറിവുകള്‍, ചരിത്രങ്ങള്‍, കഥകള്‍ എന്നിവ പങ്കുവെക്കുന്നതിനൊപ്പം പുതിയ എഴുത്തുകാര്‍ക്ക് അവസരം നല്‍കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. നാട്ടിലുള്ളവരും പ്രവാസജീവിതം നയിക്കുന്നവരുമായ ഒട്ടേറെപ്പേര്‍ കുറിപ്പുകളുമായെത്തി. സാമൂഹികമാധ്യമങ്ങളിലെഴുതി പരിചയമുള്ള ജെയ്‌സന്‍ മോഹന്‍ എന്ന വിദ്യാര്‍ഥിയാണ് ആശയം മുന്നോട്ടുവെച്ചത്. ദുബായിലുള്ള പില്‍ജോ പി. പോള്‍, റോഷന്‍ സി. സത്യന്‍, സിങ്കപ്പൂരിലുള്ള ദിബിന്‍ദേവ്, കാട്ടകാമ്പാല്‍ സ്വദേശി പി.സി. ബിനോയ് എന്നിവരുടെ നിയന്ത്രണത്തിലാണ് 'കഥ കമ്പനി'. ഇവര്‍ അഞ്ചുപേരും പരസ്പരം കണ്ടിട്ടില്ലായെന്നതും രസകരം.

കോവിഡ്കാലത്ത് 'കഥ കമ്പനി' മാറുന്ന കേരളം എന്ന പേരില്‍ നടത്തിയ എഴുത്തുമത്സരത്തിലും ഏറെ പങ്കാളിത്തമുണ്ടായി. ഒരുദിവസം മൂന്ന് പോസ്റ്റുകള്‍ അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. നഗരത്തിലെ തലയെടുപ്പായിരുന്ന സ്ഥാപനങ്ങളെയും കുന്നംകുളത്തെ ആഘോഷങ്ങളെയും ഓണക്കാലത്തെയുമൊക്കെ ജീവിതവുമായി കണ്ണിചേര്‍ത്തെഴുതുമ്പോള്‍ ആര്‍ക്കാണ് വായിക്കാതിരിക്കാനാകുക.

Content Highlights: Kunnamkulam Kadha Company