കോട്ടയം: ശ്രീമദ് ഭാഗവതത്തിന് മലയാളത്തിലുണ്ടായ ആദ്യത്തെ സമ്പൂര്‍ണ പദ്യപരിഭാഷകളിലൊന്നായ ശ്രീമദ് ഭാഗവതം കേരളഭാഷാഗാനം മുപ്പതു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്.പി.സി.എസ്) പുന:പ്രസിദ്ധീകരിക്കുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത കോഴിക്കോട് സ്വദേശി മുഴങ്ങോട്ടുവിള കൃഷ്ണപിള്ള (1887-1970) യാണ് മലയാളത്തില്‍ ഈ പരിഭാഷ നിര്‍വഹിച്ചത്. 1954-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പരിഭാഷയുടെ ഏറ്റവും ഒടുവിലിറങ്ങിയ പതിപ്പ് 1972-ലായിരുന്നു. അതിനുശേഷം ഇതുവരെ ലഭ്യമല്ലാതിരുന്ന കൃതിയുടെ സമ്പൂര്‍ണ പതിപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.

12 സ്‌കന്ധങ്ങളിലായി 335 അധ്യായങ്ങളും 8000 ശ്ലോകങ്ങളുള്ള ഭാഗവതത്തിന്റെ സമ്പൂര്‍ണ പദ്യപരിഭാഷയാണിത്. രണ്ടായിരത്തിലധികം പേജു വരുന്ന പുസ്തകത്തിന്റെ ഇടതു വശത്ത് മലയാളലിപിയില്‍ സംസ്‌കൃതം മൂലവും വലതുവശത്ത് മലയാള പദ്യപരിഭാഷയുമുണ്ടാകും. നിത്യപാരായണത്തിനും സപ്താഹങ്ങള്‍ക്കും ഇണങ്ങുംവിധമാണ് ഈ രൂപകല്‍പ്പന. 

3000 രൂപ മുഖവിലയുള്ള ഈ ക്ലാസിക് ഇപ്പോള്‍ 1799 രൂപയ്ക്ക് പ്രി-പബ്ലിക്കേഷനായി ബുക്കു ചെയ്യാം. പ്രി-പബ്ലിക്കേഷന്‍ ബുക്കിംഗിനുള്ള അവസാനതീയതി ജൂണ്‍ 10. www.spcsindia.com എന്ന വെബ്സൈറ്റിലൂടെയും 94963 79718 എന്ന ഗൂഗ്ള്‍ പേ നമ്പറിലും പണമടയ്ക്കാന്‍ സൗകര്യമുണ്ടെന്ന് എസ്.പി.സി.എസിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: Srimad Bhagavatam Malayalam translation