ശിവഗിരി: കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, കൊങ്ങിണി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ശിവഗിരി മഹാസമാധിയില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് പി.ടി.തോമസ് എം.എല്‍.എ. പുസ്തകങ്ങള്‍ സമര്‍പ്പിച്ചു.

2009-ല്‍ പി.ടി.തോമസ് എം.പി.യായിരിക്കേ, ശ്രീനാരായണഗുരുവിന്റെ കണ്ടെടുക്കപ്പെട്ട മുഴുവന്‍ കൃതികളും ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി എല്ലാ ഇന്ത്യക്കാര്‍ക്കും ഗുരുവിനെപ്പറ്റി അറിയാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. അതിനു മറുപടി നല്‍കിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഈ ചുമതല കേന്ദ്ര സാഹിത്യ അക്കാദമിയെ ഏല്‍പ്പിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ ടി.ഭാസ്‌കരന്‍ രചിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമാണ് 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകങ്ങളാണ് ശിവഗിരിയില്‍ സമര്‍പ്പിച്ചത്.

ചടങ്ങില്‍ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവരും എസ്.ജോഷി, പി.എസ്.ബാബുറാം, റജി ആശാരിപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.

Content Highlights:  Sree Narayana Gurudevan's biography published in 11 Languages