സോമൻ, പുസ്തകത്തിന്റെ കവർ
വടകര: കോവിഡിനുമുന്നില്‍ തോറ്റപോയവനാണ് കുഴിമ്പില്‍ സോമന്. ആദ്യം അമ്മയെ കോവിഡ് കവര്‍ന്നു, പിന്നാലെ സഹോദരനെ... ഏറ്റവുമൊടുവില്‍ സോമനെയും. മരിച്ചിട്ടും പക്ഷെ, അക്ഷരക്കൂട്ടുകളിലൂടെ തളിര്‍ക്കുകയാണ് സോമന്റെ ജീവിതം. ആരും അറിയാതെപോയ കാവ്യജീവിതം.
ഇതൊരു അപൂര്വകഥയാണ്. എടച്ചേരി കച്ചേരിയിലെ കുഴുമ്പില്‍ സോമന് എന്ന തനി നാട്ടിന്പുറത്തുകാരനിലെ എഴുത്തുകാരനെ മരിച്ച് ഒരുവര്‍ഷത്തിനുശേഷം നാട് തിരിച്ചറിഞ്ഞ കഥ. സോമനെഴുതി സൂക്ഷിച്ചുവെച്ച കവിതകളില്‍നിന്നും തിരഞ്ഞെടുത്ത 65 കവിതകള്‍ 'കണ്ണീര്‍ക്കണം' എന്ന പേരില്‍ സോമനെ സ്നേഹിക്കുന്നവര്‍ പുസ്തകമാക്കുകയാണ്. 19-നാണ് പ്രകാശനം.
ഏറെക്കാലം പ്രവാസിയായിരുന്ന സോമന് കലാസാംസ്കാരികരംഗത്തൊക്കെ സജീവമായിരുന്നു. യുവചേതന കലാകായികവേദിയുടെ സ്ഥാപകരിലൊരാള്‍, സജീവസംഘാടകന്. കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. നന്നായി എഴുതുകയും ചെയ്യും. പക്ഷെ എഴുതിയത് പ്രസിദ്ധീകരിക്കാന്‍ വിമുഖത കാട്ടി. അതുകൊണ്ടുതന്നെ അധികമാരും അറിഞ്ഞില്ല സോമനിലെ എഴുത്തുകാരനെ.
കോവിഡാണ് സോമന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചത്. 2021 ഓഗസ്റ്റിലാണ് കുടുംബം കോവിഡിന്റെ പിടിയിലായത്. ഒമ്പതിന് അമ്മ ലക്ഷ്മിക്കുട്ടിയമ്മയെ കോവിഡ് കൊണ്ടുപോയി. ഓഗസ്റ്റ് 22-ന് സഹോദരന് സതീഷ്കുമാറും മരിച്ചു. തൊട്ടടുത്ത ദിവസവം സോമനും. കുടുംബത്തെയും നാടിനെയും പിടിച്ചുലച്ച മരണങ്ങള്. പിന്നീടാണ് സോമന് എഴുതിവെച്ച കവിതകള്‍ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സോമന്റെ സഹോദരന് പ്രവാസിയായ വത്സരാജ് ഇതെല്ലാം എടുത്തുവെച്ചു.
കോണ്‍ഗ്രസ് കച്ചേരിയില്‍ സംഘടിപ്പിച്ച സോമന്റെ ഒന്നാം ചരമവാര്ഷികാചരണച്ചടങ്ങില് വത്സരാജ് ഇക്കാര്യം സൂചിപ്പിച്ചു. ഇത് പ്രസിദ്ധീകരിക്കാന്‍ ആരെങ്കിലും സഹായിക്കുമോ എന്നു ചോദിച്ചു. അനുസ്മരണം ഉദ്ഘാടനംചെയ്ത കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം ഐ. മൂസ ഉടന്‍തന്നെ അക്കാര്യം ഏറ്റെടുത്തു. പിറ്റേദിവസം കവിതകള്‍ വത്സരാജ് ഐ. മൂസയ്ക്കെത്തിച്ചു.
ഒരുതവണ വായിച്ചപ്പോള്‍ത്തന്നെ പുറംലോകം കാണേണ്ട കവിതകളാണ് ഇതെന്ന് ബോധ്യമായെന്ന് ഐ. മൂസ പറഞ്ഞു. ഹരിതം ബുക്സാണ് പ്രസാധകര്. സോമന് നേരത്തെ പ്രവര്‍ത്തിച്ച യുവചേതന കലാകായിക വേദിയാണ് പ്രകാശനത്തിനുള്ള ഒരുക്കം നടത്തുന്നത്.
സോമന്റെ കാവ്യഗുണം ശക്തമാകുന്നത് ആത്മനൊമ്പരങ്ങളുടെ വിപഞ്ചികയില്‍ യാത്ര ചെയ്യുമ്പോഴാണെന്ന് അവതാരികയില്‍ സതീശന് എടക്കുടി പറയുന്നു. 19-ന് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുസ്തകം പ്രകാശനംചെയ്യും.
സോമന്റെ ഭാര്യ സനില, മക്കളായ സാരംഗ് സനി, സംഗീത് സനി എന്നിവര്‍ക്കും സഹോദരങ്ങള്‍ക്കുമെല്ലാം ഇത് വലിയൊരു സ്വപ്നസാക്ഷാത്കാരമാണ്. പക്ഷെ അപ്പോഴും ഒരു ദുഃഖം വേട്ടയാടുന്നു. ഇതൊന്നും കാണാന്‍ സോമന് ഇല്ലല്ലോ...
Content Highlights: Soman writer, Covid-19, Malayalam poems,Vadakara, Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..