''സ്വാഭാവികമായ നിങ്ങളുടെ ആദ്യ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്- എന്റെ പേര് ശിവശങ്കരി ശ്യാം. ഞാന്‍ എവിടെ നിന്നുള്ളതാണെന്ന നിങ്ങളുടെ രണ്ടാമത്തെ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരം തരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നിരുന്നാലും എനിക്കീ വിധം എന്നെ അവതരിപ്പിക്കാനാകും. ഞാന്‍ ജനിച്ചത് തിരുവനന്തപുരത്താണ്. ഞാന്‍ ജനിച്ച് കഴിഞ്ഞ് അന്‍പത്തെട്ടാം ദിവസം മുതല്‍ എന്റെ യാത്രകള്‍ ആരംഭിച്ചു. കുമളിയില്‍ജോലി കിട്ടിയ അമ്മ റീമയ്‌ക്കൊപ്പം, അവിടേക്ക്. ജോലിയും ഹയര്‍സ്റ്റഡീസുമായി തിരക്കിലായിരുന്ന അച്ഛന്‍ ശ്യാം ശ്രീനിവാസില്ലാതെ ഞങ്ങള്‍ അവിടെ കഴിഞ്ഞു. പിന്നീട് ഞങ്ങളുടെ യാത്ര എറണാകുളത്തേക്കും കോട്ടയത്തേക്കുമായിരുന്നു. അതിനിടയില്‍ അച്ഛനും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അച്ഛനും അമ്മയും ജോലി സംബന്ധമായി കോട്ടയത്ത് തങ്ങിയതുകൊണ്ടുതന്നെ എന്റെ വിദ്യാഭ്യാസം തുടങ്ങിയത് അക്ഷര നഗരിയായ കോട്ടയത്താണ്. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ അനുജത്തിയെ ലഭിച്ചതും അവിടെ വെച്ചാണ്. എന്റെ ഇതുവരെയുള്ള വിദ്യാഭ്യാസ ജീവതത്തില്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു സ്‌ക്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് അവിടെ മാത്രമാണ്.

വീണ്ടും ദിശ മാറിയുള്ള യാത്രകള്‍ ആരംഭിച്ചു. അച്ഛന്റേയും അമ്മയുടെയും വര്‍ക്ക് പ്ലേസസ് കേരളത്തിന് പുറത്തേക്കായി. അച്ഛന്‍ രാജസ്ഥാനിലും അമ്മ ഉത്തര്‍പ്രദേശിലും ജോയിന്‍ ചെയ്തു. കുഞ്ഞുങ്ങളായ ഞങ്ങള്‍ രണ്ടുപേരും അമ്മയ്‌ക്കൊപ്പം ബീഹാര്‍ ബോര്‍ഡര്‍ ആയ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ സിന്‍ഹചവാര്‍'എന്ന ഉള്‍ഗ്രാമത്തിലേക്ക് പോയി. ഭോജ്പുരിയും ഹിന്ദിയും സംസാരിക്കുന്ന പുതിയ കൂട്ടുകാര്‍ക്കൊപ്പം റൊട്ടിയും ദാലും സബ്ജിയും ശീലമാക്കാനും പ്രതികൂല കാലാവസ്ഥകളേയും പ്രകൃതിക്ഷോഭങ്ങളേയും അറിഞ്ഞ് ജീവിക്കാനും പഠിച്ചത് അവിടെ വെച്ചാണ്. വീണ്ടും യാത്രകള്‍ തുടരുകയായിരുന്നു. രാജസ്ഥാനില്‍ അച്ഛനൊപ്പം താമസമാരംഭിച്ചു. മണല്‍ക്കാറ്റും കൊടും ചൂടും കൂടി ചേര്‍ന്ന ആ ദിവസങ്ങളില്‍ ഞാനെഴുതി തുടങ്ങി. എന്റെ ചിത്രങ്ങളും എഴുത്തുകളും എന്റെ ജീവിതാനുഭവങ്ങളുടെ - ചിന്തകളുടെ പകര്‍ന്നു വെയ്ക്കലുകളായിരുന്നു. കടലിനും കരയ്ക്കും ഇടയില്‍പ്പെട്ടു പോയ എനിക്ക്, എന്റെ ആദ്യപുസ്തകത്തിന്‍ - THE LAND AND C എന്ന ഈ പേരല്ലാതെ മറ്റൊരു പേരും നല്‍കാന്‍ കഴിയില്ല.''

പരീക്ഷകളുടെ ഹാങ്ഓവര്‍ മാറ്റാനായി ഒരു പുസ്തകം തന്നെ എഴുതി പ്രസിദ്ധീകരിച്ചുകളഞ്ഞ പതിനേഴുകാരിയായ ശിവശങ്കരി ശ്യാം The Land And The C എന്ന തന്റെ പുസ്തകത്തിലെഴുതിയ ആമുഖക്കുറിപ്പാണ് ഇത്. കഥകളും കവിതകളും ചിത്രങ്ങളുമെല്ലാമടങ്ങുന്ന ഒരു സൃഷ്ടി പിറന്നപ്പോള്‍ കിടിലന്‍ ടീസറും ഒരുക്കിക്കളഞ്ഞു ശിവശങ്കരി ശ്യാം. ടീസറാണ് താരമായത്. സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്ന ടീസറിന് അനവധി പ്രതികരണങ്ങളാണ് ലഭിച്ചത്. വളര്‍ന്നുവരുന്ന സാഹിത്യകാരിയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് പ്രോത്സാഹിപ്പിക്കുക!

ശിവശങ്കരി പറയുന്നു: ''ഞാന്‍ ഓരോ കഥകളും, കവിതകളും പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അച്ഛനും അമ്മയും അവ പബ്‌ളിഷ് ചെയ്യാന്‍ പറഞ്ഞിരുന്നു. പക്ഷേ സ്വതവേ അന്തര്‍മുഖത്വമുള്ള ഞാന്‍ 'സമയമായില്ല' എന്ന സ്ഥിരം പല്ലവി കൊണ്ട് എന്റെ പഠനസംബന്ധമായ തിരക്കുകളില്‍ മുഴുകി. പക്ഷേ ഇപ്പോള്‍ പ്ലസ് ടു പരീക്ഷ പൂര്‍ത്തിയാക്കി ഹയര്‍ സ്റ്റഡീസിന് തയ്യാറെടുക്കുന്ന ഈ ഇടവേളയില്‍ ഞാന്‍ എനിക്കായി സമയം കണ്ടെത്തി. അച്ഛനേയും അമ്മയേയും സര്‍പ്രൈസ് ചെയ്യാനായി,  ഞാന്‍ എന്റെ കുറച്ചുകഥകളും  കവിതകളും കണ്ടെത്തി - ടൈപ്പ് ചെയ്തു -അവയ്ക്ക് ഞാന്‍ തന്നെ ഉചിതമായ ചിത്രങ്ങള്‍ വരച്ചു - ലേ ഔട്ടും കവര്‍ പേജും തയ്യാറാക്കി - ഞാന്‍ തന്നെ എഴുത്തുകാരിയും, 'ചിത്രകാരിയും, എഡിറ്ററുമായി കിന്‍ഡിലില്‍ എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. - അതു കൊണ്ടു തന്നെ തെറ്റ് കുറ്റങ്ങള്‍ ഒരുപാടുണ്ടാകാം. ക്ഷമിക്കുക.''

Content Highlights ; SivaSankari Shyam Teaser on Debut Book