ന്യൂഡല്‍ഹി: ഗുജറാത്തി കവി സിതാംശു യശസ്ചന്ദ്രയ്ക്ക് 2017-ലെ സരസ്വതി സമ്മാന്‍. 'വഖാര്‍' എന്ന കവിതാസമാഹാരമാണ് യശസ്ചന്ദ്രയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് കെ.കെ. ബിര്‍ള ഫൗണ്ടേഷന്‍ അറിയിച്ചു. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

2009-ലാണ് വഖാര്‍ പുറത്തിറങ്ങിയത്. 1941-ല്‍ ഗുജറാത്തിലെ ഭുജില്‍ ജനിച്ച യശസ്ചന്ദ്രയ്ക്ക് സമകാലിക ഗുജറാത്തി സാഹിത്യത്തില്‍ ശ്രേഷ്ഠസ്ഥാനമാണുള്ളത്. 

കവിയും നാടകകൃത്തും പരിഭാഷകനും അധ്യാപകനുമായ അദ്ദേഹം വഖാറുള്‍പ്പെടെ മൂന്ന് കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഡിസ്സ്യൂസ്‌നു ഹലേസുന്‍, ജഡായു എന്നിവയാണ് യശസ്ചന്ദ്രയുടെ മറ്റു കൃതികള്‍.

1991-ല്‍ സ്ഥാപിതമായതാണ് സരസ്വതി സമ്മാന്‍. ഇന്ത്യന്‍ ഭാഷകളില്‍ 10 വര്‍ഷത്തിനിടെ പുറത്തിറങ്ങിയ മികച്ച സാഹിത്യകൃതിക്കാണ് ഓരോവര്‍ഷവും ഈ പുരസ്‌കാരം നല്‍കുന്നത്.

Content Highlights : Gujarati writer,Sitanshu Yashaschandra, Saraswati Samman