ഷാർജ അന്താരാഷ്ട്ര പുസ്തകമേള ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി. 40-ാമത് പുസ്തകമേള തുടരുന്ന വേളയിൽ ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 40 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു.

പുസ്തകമേളയുടെ ഭാഗമായി നടന്ന പ്രസാധക സമ്മേളനത്തിലാണ് അംഗീകാരം പ്രഖ്യാപിച്ചത്. സമ്മേളനത്തിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 546 പ്രസാധകർ ഭാഗമായിരുന്നു. പുസ്തകമേള 13-ന് അവസാനിക്കും. 83 രാജ്യങ്ങളിൽ നിന്നുള്ള 1632 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഒന്നര കോടി പുസ്തകങ്ങളാണ് ഇത്തവണയുള്ളത്. ഒട്ടേറെ പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങും മേളയോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയോടെയാണ് നേട്ടം സാധ്യമായതെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു. ഷാർജ പുസ്തകമേളയ്ക്ക് ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാരീസ്, മോസ്‌കോ, മാഡ്രിഡ്, ഡൽഹി, സാവോപോളോ എന്നിവയുപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര പുസ്‌തകമേളകളിൽ ഗസ്റ്റ് ഓഫ് ഓണർ പദവി ലഭിച്ചിരുന്നു.

മഹാമാരിക്കാലത്ത് 2020-ലും പുസ്തകമേള വൻവിജയമായി നടത്താനായി. മഹാമാരിക്കാലത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയായിരുന്നു മേള. 1982-ൽ മേളയുടെ ഉദ്ഘാടനപതിപ്പിൽ നൽകിയ വാഗ്ദാനമാണ് ഈ നേട്ടമെന്നും അഹമദ് ബിൻ റക്കദ് അൽ അമേരി വ്യക്തമാക്കി. അതിനിടെ, വായനയുടെ സംസ്കാരം വളർത്താനും വിപുലീകരിക്കാനും ഷാർജയിലെ ലൈബ്രറികളിലേക്ക് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽനിന്നാണ് പുതിയ പുസ്തകങ്ങൾ വാങ്ങുന്നത്. ഷാർജയിലെ ലൈബ്രറികളിലേക്ക് കൂടുതൽ അറബിക്, അന്താരാഷ്ട്ര പുസ്തകങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമായ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് വാങ്ങുന്നത്. ഷാർജയിലെ പൊതുലൈബ്രറികൾ സ്വദേശികളുടെ മാത്രമല്ല എമിറേറ്റിലെ പ്രവാസികളുടെകൂടി ഇഷ്ടകേന്ദ്രമാണ്.

 

Content Highlights: SIBF 2021 world's number one book fair