ബോളിവുഡ് നടി ശില്‍പ ഷെട്ടി പുസ്തകം എഴുതുകയാണ്. ദി ഡെയറി ഓഫ് എ ഡോമസ്റ്റിക് ദിവ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട 50 വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ശില്‍പ ഷെട്ടി സമാഹരിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ശില്‍പയുടെ സണ്‍ഡെ ബിഞ്ച് വീഡിയോയിലൂടെ പ്രശസ്തമായ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങും.

വേഗത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുന്നതും അതേ സമയം ആരോഗ്യകരവും പോഷകസമൃദ്ധവുമായ വിഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വിഭവങ്ങള്‍ ശിൽപ ഷെട്ടിയുടെ കുടുംബത്തിനും പ്രിയപ്പെട്ടവയാണ് എന്നതാണ് മറ്റൊരു സവിശേഷത. 

ഇഷ്ടഭക്ഷണങ്ങളുടെ ലോകത്തിലേക്കും രുചിവൈവിദ്ധ്യങ്ങളിലേക്കും പുസ്തകത്തിലൂടെ വായനക്കാരെ ക്ഷണിക്കുകയാണെന്ന് ശിൽപ ഷെട്ടി പറഞ്ഞു. രുചികരമായതും അതേസമയം പോഷക സമൃദ്ധമായതുമായ ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ചറിയാന്‍ നിരവധി ആളുകള്‍ തന്നെ സമീപിച്ചിരുന്നു. അതിനാലാണ് ഇത്തരം ഒരു പുസ്തകം എഴുതുന്നതെന്നും അവര്‍ പറഞ്ഞു.

Content highlights: Shilpa Shetty,Cook Book, The Diary of a Domestic Diva