പുസ്തകങ്ങള്‍ എന്നും മനുഷ്യരെ നവീകരിക്കുകയാണ് ചെയ്യുന്നത്. മഹത്തായ സന്ദേശങ്ങള്‍ മനുഷ്യരിലേക്ക് എത്തിക്കാന്‍ പുസ്തകങ്ങളോളം സഹായിക്കുന്ന മറ്റ് മാധ്യമങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. കൊറോണാവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പുസ്തകങ്ങളിലൂടെ ഒരു സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയും എഴുത്തുകാരനുമായ ഡോ.ശശി തരൂര്‍. 

ട്വിറ്ററില്‍ ശശി തരൂര്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ഇത്തരത്തില്‍ കൊറോണക്കാലത്ത് മഹത്തായൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആദ്യനോട്ടത്തില്‍ ചില പുസ്തകങ്ങല്‍ അടുക്കിവെച്ച ഒരു ഷെല്‍ഫിന്റെ സാദാ ചിത്രമായി തോന്നാമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തില്‍ അടങ്ങിയിരിക്കുന്ന മഹത്തായ സന്ദേശം വ്യക്തമാകും. വെച്ചിരിക്കുന്ന ക്രമത്തില്‍ പുസ്തകങ്ങളുടെ പേരുകള്‍ വായിച്ചാല്‍ പകര്‍ച്ചവ്യാധിയുടെ ഭീകരതയെ കുറിച്ചും സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു മറഞ്ഞിരിക്കുന്ന സന്ദേശം വെളിപ്പെടുന്നതായി കാണാം.

പുസ്തകങ്ങള്‍ കൃത്യമായി അടുക്കി അവയുടെ പേരുകളിലൂടെ അര്‍ഥവത്തായ ഒരു സന്ദേശമാണ് ബുദ്ധിമാനായ ഒരു ലൈബ്രേറിയൻ നല്‍കുന്നത് എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ ഈ ചിത്രം ട്വിറ്റ് ചെയ്തിരിക്കുന്നത്. 

'ഇംഗ്ളീഷുകാരിയായ രോഗിക്ക് അസുഖം വന്നത് കടല്‍തീരത്ത് നിന്നായിരുന്നു. ഞാന്‍ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നു എന്ന് അവള്‍ പറഞ്ഞു. ഇപ്പോള്‍ അവള്‍ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയാണ്. അല്‍പം ഭാഗ്യവും വ്യക്തിശുചിത്വവും കാരണം പ്രതീക്ഷകള്‍ ഇപ്പോഴും ബാക്കിയുണ്ട്. കൊറോണയുടെ പ്രേതകഥകള്‍ ഉടന്‍ അവസാനിക്കും. ശുചിത്വമുള്ള കൈകള്‍ ജീവന്‍ രക്ഷിക്കുമെന്ന് എപ്പോഴും ഓര്‍ക്കുക. സംശയമുള്ളപ്പോള്‍ പുറത്ത് പോവാതിരിക്കുക'- ചിത്രത്തിലെ ഷെല്‍ഫിലെ പുസ്തകങ്ങളുടെ പേരുകള്‍ ക്രമത്തില്‍ വായിക്കുമ്പോള്‍ ഈ സന്ദേശമാണ് തെളിയുക. കൊറോണക്കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകള്‍.

കൊറോണാ വ്യപാനത്തിന്റെ തുടക്ക സമയത്തേ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു ഈ ചിത്രം. ഡിജിറ്റല്‍ പ്രിന്റ്മേക്കറായ ഫില്‍ ഷോയാണ് ഈ ചിത്രം സൃഷ്ടിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും. സ്റ്റീഫന്‍ കിങിന്റെ 'ഇറ്റ്', ജിഞ്ചര്‍ സിംപ്സണിന്റെ 'ഹോപ് സ്പ്രിങ്സ് എറ്റേണല്‍', മാര്‍ക് ബില്ലിങ്ഹാമിന്റെ 'ഇന്‍ ദ ഡാര്‍ക്ക്' തുടങ്ങിയ പുസ്തങ്ങളുടെ കവറുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി ഫീല്‍ സൃഷ്ടിച്ചതാണ് ഈ ബുക്ക്ഷെല്‍ഫിന്റെ ചിത്രം. 'ഷല്‍ഫ് ഐസൊലേഷന്‍' എന്ന ക്യാപ്ഷനോട് കൂടെ ഫില്‍ ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. വൈകാതെ തന്നെ വൈറലായ ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അന്ന് ഷെയര്‍ ചെയ്തത്.

Content Highlights: Shashi Tharoor posts viral pic of books placed together giving meaningful advice against Coronavirus