ഷാര്‍ജ: കുഞ്ഞുകഥകളും ചിത്രങ്ങളും കളിക്കോപ്പുകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ഷാര്‍ജയിലെ കുട്ടികളുടെ വായനോത്സവം ആറുദിവസം പിന്നിട്ടു. 'നിങ്ങളുടെ ഭാവനയ്ക്ക്' എന്ന പ്രമേയത്തിലുള്ള ഈ വര്‍ഷത്തെ വായനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുതിര്‍ന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെത്തുന്നുണ്ട്. 

ഷാര്‍ജ അല്‍ താവൂനിലെ എക്‌സ്പോ സെന്ററിലാണ് ഷാര്‍ജ ബുക്ക് അതോറിറ്റി വായനയുടെ കുഞ്ഞന്‍ ലോകമൊരുക്കിയത്. വായനോത്സവത്തില്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത് കോമിക് ലോകവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചിത്രരചനയുമൊക്കെയാണ്.

ഭൂരിഭാഗം കുട്ടികളുടേയും ഇഷ്ട പുസ്തകങ്ങള്‍ കാര്‍ട്ടൂണ്‍ കഥകളും വിസ്മയങ്ങളും തന്നെ. ചിത്രരചനയില്‍ പങ്കെടുക്കാനും ചിത്രങ്ങള്‍ ആസ്വദിക്കാനും കൂട്ടുകാര്‍ വരയ്ക്കുന്നതുകാണാനും കുട്ടികളുണ്ട്. മലയാളപുസ്തകങ്ങള്‍ക്കായി അന്വേഷണം നടത്തുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമുണ്ട്. എന്നാല്‍ സാദിഖ് കാവില്‍ എഴുതിയ ഖുഷി എന്ന കുട്ടികള്‍ക്കായുള്ള പാരിസ്ഥിതിക നോവല്‍ മാത്രമാണ് മലയാളത്തില്‍ നിന്നുള്ളത്. 

കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊണ്ട് വായനോത്സവത്തിന്റെ രക്ഷാധികാരി കൂടിയായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയും വേദിയിലെത്തുകയുണ്ടായി. ഈ മാസം 29-ന് വായനോത്സവം സമാപിക്കും.

Content Highlights: sharjah children's reading festival