ഷാര്‍ജ: ഉത്സവാന്തരീക്ഷത്തോടെ വായനതേടിയെത്തിയവരുടെ തിരക്കും സന്തോഷവും അവസാനദിവസത്തിലേക്ക്. പുസ്തകങ്ങള്‍ വായിച്ചുംവാങ്ങിയും പുതു പുസ്തകങ്ങള്‍ പ്രകാശനംചെയ്തും ഷാര്‍ജയിലെ വായനോത്സവം ശനിയാഴ്ച സമാപിക്കും. പുസ്തകോത്സവത്തില്‍ 10 ദിനങ്ങളും ആഘോഷങ്ങളായാണ് വായനക്കാര്‍ ആസ്വദിച്ചത്. മലയാളികള്‍ കുടുംബങ്ങളായെത്തി എഴുത്തും വായനയും പങ്കിട്ടു. അറിവാണ് പ്രധാനമെന്നും വായനയിലൂടെയാണ് അറിവ് നേടുന്നതെന്നും ഓര്‍മിപ്പിച്ച് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യ രക്ഷാധികാരിയായി നടക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തില്‍തന്നെ ഒന്നാമതെത്തിക്കഴിഞ്ഞു. യു.എ.ഇ. കോവിഡില്‍നിന്ന് മോചിതമാകുന്നതോടെ പുസ്തകോത്സവത്തില്‍ വായനക്കാരുടെ പങ്കാളിത്തവും ഈവര്‍ഷം വര്‍ധിച്ചിരുന്നു. ഈ വര്‍ഷം 81 രാജ്യങ്ങളില്‍നിന്നായി 1559 പ്രസാധകര്‍ ഒന്നരക്കോടി പുസ്തകങ്ങള്‍ അണിനിരത്തി.

ഇന്ത്യയില്‍നിന്ന് മാതൃഭൂമി ഉള്‍പ്പെടെ 83 പ്രസാധകര്‍ ഏറ്റവുംപുതിയ പുസ്തകങ്ങളടക്കം പവിലിയനില്‍ അണിനിരന്നിട്ടുണ്ട്. സ്‌പെയിന്‍ ആയിരുന്നു ഈ വര്‍ഷത്തെ അതിഥിരാജ്യം. 'എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്' എന്ന അറിവിന്റെയും ആശയങ്ങളുടെയും വേറിട്ട പ്രമേയമായിരുന്നു ഈ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ അവതരിപ്പിച്ചത്. നൊബേല്‍ സമ്മാനജേതാവ് ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുല്‍ റസാഖ് ഗുര്‍ണ അടക്കം പ്രമുഖര്‍ ഈ വര്‍ഷം പുസ്തകോത്സവത്തിലെത്തി. ഇന്ത്യന്‍ എഴുത്തുകാരായ ചേതന്‍ഭഗത്, രബീന്ദ്രസിങ്, അമിതാവ് ഘോഷ് എന്നിവരും മലയാളത്തില്‍നിന്ന് സുഭാഷ് ചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, മനോജ് കുറൂര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ഗോപിനാഥ് മുതുകാട്, എന്‍.പി. ഹാഫിസ് മുഹമ്മദ്, ഇന്ദുമേനോന്‍, നീനാപ്രസാദ്, ദീപ നിശാന്ത്, താഹ മാടായി, നാലപ്പാടം പദ്മനാഭന്‍ എന്നിവരുമെത്തി. രാഷ്ട്രീയനേതാക്കളായ വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍, ഡോ.എം.കെ. മുനീര്‍, സി. ദിവാകരന്‍ എന്നിവരും പുസ്തക പ്രകാശനങ്ങളില്‍ പങ്കെടുത്തു.

മലയാളത്തില്‍നിന്ന് നൂറിലേറെ പ്രകാശനങ്ങള്‍ റൈറ്റേഴ്സ് ഫോറത്തില്‍ നടന്നു. പ്രകാശനങ്ങളില്‍ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ കുട്ടികളുടെ പുസ്തകങ്ങളും പ്രകാശങ്ങളില്‍ സജീവമായി. അനൂജ നായര്‍, കാവ്യശ്രീ പ്രദീപ് എന്നീ കുട്ടികള്‍ സ്വന്തം പുസ്തകങ്ങള്‍ പുറത്തിറക്കിയപ്പോള്‍ അധ്യാപകനായ മുരളി മംഗലത്ത് കുട്ടികള്‍ക്കുവേണ്ടിയുള്ള പുസ്തകവും പ്രകാശിപ്പിച്ചു. പെരുമാള്‍ മുരുകന്റെ അടക്കം തമിഴ് കൃതികളും പ്രകാശനം ചെയ്തവയില്‍ ഉള്‍പ്പെടും. റൈറ്റേഴ്സ് ഫോറത്തില്‍ ഇടംകിട്ടാതെ മാതൃഭൂമി അടക്കമുള്ള വിവിധ സ്റ്റാളുകളിലും പുസ്തക പ്രകാശനങ്ങളുണ്ടായി. കുട്ടികള്‍ക്കുള്ള കിഡ്സ് ആന്‍ഡ് തീയറ്റര്‍, കുക്കറി, കള്‍ച്ചറല്‍ ആക്റ്റിവിറ്റിസ്, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍ എന്നിവയും വായനക്കാര്‍ക്ക് സന്തോഷമിടങ്ങളായി.

Content Highlights: Sharjah Books Festival 2021 last day