ഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എക്സ്‌പോ സെന്ററിൽ തുടക്കമായി. നവംബർ 13 വരെ ഇനി ഷാർജ നഗരം അക്ഷരോത്സവ നഗരിയാവും. ചൊവ്വാഴ്ച വൈകുന്നേരം യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ബുധനാഴ്ചയാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. വിവിധ വിഭാഗങ്ങളിലായി ഒന്നര കോടിയോളം പുസ്തകങ്ങളാണ് ഇത്തവണ മേളയിലുള്ളത്. 83 രാജ്യങ്ങളിൽനിന്ന് 1576 പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്ത എഴുത്തുകാരും മാധ്യമപ്രവർത്തകരും മേളയിലെത്തും. ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, വീർ സംഘ് വി, അർഫീൻ ഖാൻ തുടങ്ങിയവരും മലയാളത്തിൽനിന്ന് പി.എഫ്. മാത്യൂസ്, സന്തോഷ് ജോർജ് കുളങ്ങര, മനോജ് കുറൂർ എന്നിവരുമുണ്ടാകും.

പുസ്തക പ്രകാശനങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, മറ്റ് പൊതുപരിപാടികൾ എന്നിവയും പതിവുപോലെയുണ്ടാകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതൽ രാത്രി 11 വരെയും പ്രവേശനമുണ്ടാകും. https://registration.sibf.com/ വഴി രജിസ്റ്റർ ചെയ്തിരിക്കണം.