തോപ്പുംപടി: കൊച്ചി തുറമുഖത്തെ യൂണിയൻ നേതാവെന്ന നിലയിൽ ഷാലനെ അറിയാത്തവർ ചുരുക്കം. എന്നാൽ ഷാലന്റെ കഥയെഴുത്തിനെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവർക്കുപോലും അധികമറിയില്ല.

കുട്ടിക്കാലത്തു തുടങ്ങിയതാണ് ഷാലന്റെ എഴുത്ത്. അക്കാലത്ത് പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളിൽ കഥകൾ വന്നു. പിന്നീട് നോവലിന്റെ വഴിയിലേക്കു തിരിഞ്ഞു. 15 നോവലുകൾ എഴുതി. അതിൽ പതിനൊന്നും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. പതിനൊന്നും പുസ്തകങ്ങളായി പുറത്തിറങ്ങി.

കണക്കിൽ ബിരുദം നേടിയ ഷാലൻ കുറേക്കാലം ട്യൂഷൻ സെന്ററിൽ അധ്യാപകനായിരുന്നു. പിന്നീട് കൊച്ചി തുറമുഖത്ത് ലസ്കറിന്റെ വേഷമണിഞ്ഞു. ക്ലാർക്ക്, ടാലി സൂപ്പർവൈസർ തുടങ്ങി പല തസ്തികകളിലുമെത്തി. ഒടുവിലിപ്പോൾ അസിസ്റ്റന്റ് വാർഫ് സൂപ്രണ്ടാണ്. പക്ഷേ, ഷാലൻ ഒരു ഘട്ടത്തിലും കഥയെഴുത്തു നിർത്തിയില്ല.

ടെക്നിക്കൽ മേഖലയിലായതിനാൽ പലപ്പോഴും രാത്രികാലത്തും ജോലി ചെയ്യേണ്ടിവരും. അതുകൊണ്ടു രാത്രി എഴുത്ത് മിക്കപ്പോഴും നടക്കില്ല. പകൽ സമയത്താണ് കഥയെഴുത്ത്. ജോലിസ്ഥലത്ത് കഥയൊന്നുമില്ല. എഴുത്ത് വീട്ടിലിരുന്നു മാത്രം. 40 ഓളം കഥകൾ ഇതിനകം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. രണ്ടു നാടകങ്ങൾ പുസ്തകമാക്കി. ഒരു ബാലകഥാ പുസ്തകവും പുറത്തിറങ്ങി. ഒരു സീരിയലിനു തിരക്കഥയുമെഴുതി. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ഷാലന്റെ അഞ്ചു നോവലുകൾ പുറത്തിറക്കിയത്.

''തുറമുഖത്തെത്തിയാൽ ജോലി മാത്രം. കഥയെഴുത്തിനെക്കുറിച്ച് ആരോടും പറയാറില്ല''- ഷാലൻ പറയുന്നു. പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന കാര്യംപോലും ഒപ്പം ജോലി ചെയ്യുന്നവരോടു പറയാറില്ല.

പോർട്ട് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് ഷാലൻ. പണി കഴിഞ്ഞാൽ പിന്നെ യൂണിയൻ പ്രവർത്തനം. അതും കഴിഞ്ഞ് വീട്ടിലെത്തിയാൽ കഥയെഴുത്ത്. കഴിഞ്ഞ 35 വർഷമായി ഇതാണ് ചെയ്യുന്നതെന്ന് ഷാലൻ പറയുന്നു. 28 ചെറുകഥകൾ ചേർത്ത് ഒരു പുസ്തകം ഒരുക്കുകയാണിപ്പോൾ ഈ കഥാകാരൻ. എറണാകുളം ചിലവന്നൂർ സ്വദേശിയാണ്.

Content highlights :shalan a writer from cochin port