ടിനിറയെ ചെസ്നട്ട് കായ്കള്‍ നിറച്ച്, നാവികന്റെ ഭാര്യ ചവച്ചുകൊണ്ടേയിരുന്നു.
'എനിക്കും തരൂ' ഞാന്‍ ചോദിച്ചുനോക്കി.
'കടന്നുപോകൂ ദുര്‍മന്ത്രവാദിനി' കൊഴുത്തുരുണ്ടൊരാ സ്ത്രീ അലറി.
'കടുവ'യെന്നുപേരുള്ളൊരു കപ്പലിന്റെ കപ്പിത്താനായി അവരുടെ പ്രിയതമന്‍ അലെപ്പോയിലേക്കു പോയിരിക്കുകയാണ്. ഞാനുമൊരു കൊച്ചുവള്ളത്തിലേറി അവിടേക്കുപോകും, വാലറ്റുപോയൊരു എലിയെപ്പോലെ. എന്നിട്ട് ഞാനയാളെ ശല്യം ചെയ്യും ലണ്ടനിലെ തെംസ് നദിയിലെ ഓളങ്ങള്‍ക്കൊപ്പം 'കടുവ' മെല്ലെ ഇളകിയാടി. അവര്‍ അഞ്ചുപേരുണ്ടായിരുന്നു. കച്ചവടക്കാരായ റാല്‍ഫ് ഫിച്ച്, ജോണ്‍ എല്‍ഡ്രേഡ്, ജോണ്‍ ന്യൂബെറി, രത്നവ്യാപാരിയായ വില്ല്യം ലീഡ്സ്, ചിത്രകാരനായ ജെയിംസ് സ്റ്റോറി എന്നിവര്‍ മൂടല്‍മഞ്ഞു പൊതിഞ്ഞ 1583-ലെ പകലില്‍ അവര്‍ ആ കപ്പലിലേക്ക് കയറി. ഇന്ത്യയും ചൈനയുമായി കച്ചവടത്തിന്റെ കടല്‍വഴികള്‍ തേടി. എലിസബത്ത് രാജ്ഞിയുടെ കുറിമാനവും കൈയില്‍ക്കരുതി.

ഈ യാത്രയിലെ ഒരംശമാണ് മാക്ബത്തില്‍ ഷേക്സ്പിയര്‍ മന്ത്രവാദിനിയിലൂടെ പരോക്ഷമായി പറഞ്ഞുവെച്ചത്. ആ വരികള്‍ ഇങ്ങനെ; 'അവളുടെ ഭര്‍ത്താവ് കടുവയുടെ നാഥനായി അലെപ്പോയിലേക്ക് പോയിരിക്കുന്നു'.

ആ നാവികനു മറ്റൊരു വിശേഷണം കൂടിയുണ്ട്, ആദ്യമായി കൊച്ചിയിലെത്തിയ ബ്രിട്ടീഷുകാരന്‍. റാല്‍ഫ് ഫിച്ചാണ് കൊച്ചീതീരത്തു കപ്പലടുപ്പിച്ച ആ ബ്രിട്ടീഷുകാരന്‍. ഇംഗ്ലീഷ് എഴുത്തുകാരനായ ജെ. ഹോര്‍ട്ടോണ്‍ റെയ്ലിയുടെ 1899-ല്‍ പുറത്തിറങ്ങിയ 'റാല്‍ഫ് ഫിച്ച്; ഇംഗ്ലണ്ട്‌സ് പയനിയര്‍ ടു ഇന്ത്യ' എന്ന പുസ്തകത്തില്‍ കൊച്ചിയെക്കുറിച്ചു പരാമര്‍ശമുണ്ട്.

സിറിയയിലെ അലെപ്പോയിലേക്കാണ് റാല്‍ഫും കൂട്ടരും യാത്ര തുടങ്ങിയത്. അവിടെനിന്നു യൂഫ്രട്ടീസ് നദിയിലൂടെ ബാഗ്ദാദിലേക്കും ബസ്റയിലേക്കും. ജോണ്‍ എല്‍ഡ്രേഡ് കച്ചവടത്തിനായി ബസ്റയില്‍ തങ്ങി. റാല്‍ഫും കൂട്ടുകാരും മെഡിറ്ററേനിയന്‍ കടലിലൂടെ ഇറാനിലെ ഹോര്‍മുസിലെത്തി. പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ദ്വീപിലെത്തിയ ഇംഗ്ലീഷുകാരെ ചാരന്മാരെന്നുന്നു കരുതി അറസ്റ്റുചെയ്തു.

തടവുപുള്ളികളായി ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയിക്കു മുന്നിലെത്തിച്ചു. ഈശോസഭയിലെ (ജെസ്യൂട്ട്) രണ്ടു പുരോഹിതരുടെ ജാമ്യത്തില്‍ നാലുപേരെയും സ്വതന്ത്രരാക്കി. കൂട്ടത്തിലുണ്ടായിരുന്ന ചിത്രകാരനായ ജെയിംസ് സ്റ്റോറി പുരോഹിതര്‍ക്കൊപ്പം ചേര്‍ന്നു.

മറ്റുമൂന്നുപേരും ഗോവയില്‍നിന്നു രക്ഷപ്പെട്ടു ഫത്തേപൂര്‍സിക്രിയില്‍, അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ എത്തി. രത്നവ്യാപാരിയായ വില്ല്യം ലീഡ്സ് അവിടെത്തങ്ങി. ജോണ്‍ ന്യൂബെറി ലാഹോറിലൂടെ ലണ്ടനിലേക്കു തിരിച്ചു, പക്ഷെ പഞ്ചാബില്‍വെച്ചു കൊള്ളക്കാര്‍ വധിച്ചു. റാല്‍ഫ് ഫിച്ച് യമുനയും ഗംഗയും കടന്ന് അലഹബാദിലേക്കു തിരിച്ചു.

ബനാറസ്, പാറ്റ്ന, ചിറ്റഗോങ് വഴി ബര്‍മയിലേക്കും തായ്ലാന്‍ഡിലേക്കും പോയി. അവിടെനിന്നു മലാക്കയിലൂടെ ചൈനയിലേക്കായിരുന്നു യാത്ര. പക്ഷേ കനത്തകാവല്‍ മൂലം ബംഗ്‌ളാദേശിലേക്കു പോകേണ്ടി വന്നു.

അവിടെനിന്നു ഇംഗ്ലണ്ടിലേക്കു മടങ്ങാനാലോചിച്ചെങ്കിലും കൊച്ചി കൂടി കാണണമെന്നു മോഹം തോന്നി. അങ്ങനെ 1589 ഫെബ്രുവരി മൂന്നിനു യാത്ര തുടങ്ങി.

ആ യാത്ര റാല്‍ഫ് പറയട്ടെ:

''സിലോണിലേക്കാണു ഞങ്ങള്‍ പോയത്. കുടിക്കാന്‍ ശുദ്ധവെള്ളം കിട്ടാതെ വലഞ്ഞു. ചൂടു സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഭാഗ്യം, മാര്‍ച്ച് ആറിനു സിലോണിലെത്തി. കുറച്ചുദിവസം തങ്ങി. ആവശ്യമുള്ള വെള്ളവും ഭക്ഷണവും ശേഖരിച്ചു. 11-ന് സിലോണ്‍ വിട്ടു.

കോമോറിന്‍ മുനമ്പായിരുന്നു (കന്യാകുമാരി) ലക്ഷ്യം. സിലോണും ഇന്ത്യന്‍കരയായ നാഗപട്ടണവും തമ്മില്‍ വലിയ ദൂരമില്ല. ഇവിടെ മുത്തുകള്‍ ഒരുപാടു ലഭിക്കും. കാംബെ (ഗുജറാത്തിനടുത്തുള്ള തുറമുഖം), ബംഗാള്‍ എന്നിങ്ങനെ ഇന്ത്യ മുഴുവന്‍ ഈ മുത്തുകളാണ് ഉപയോഗിക്കുന്നത്. പേര്‍ഷ്യയില്‍ ലഭിക്കുന്നതിന്റെ അത്ര ഗുണമില്ല. അവിടെനിന്നു പോരുന്ന വഴി ഞങ്ങള്‍ കൗലം (കൊല്ലം) കണ്ടു. അതു പോര്‍ച്ചുഗീസുകാരുടെ കോട്ടയാണ്. കുരുമുളകിന്റെ ഭണ്ഡാരമാണ് കൗലം. പോര്‍ച്ചുഗലിലേക്കുള്ള കുരുമുളകെല്ലാം ഇവിടെനിന്നാണ്.

മാര്‍ച്ച് 22-നാണു കൊച്ചിനിലെത്തിയത്. വല്ലാത്ത ചൂടാണിവിടെ. പലവ്യഞ്ജനങ്ങളൊന്നും കിട്ടാനേയില്ല. ചോളമോ നെല്ലോ വളരുന്നില്ല. ബംഗാളില്‍നിന്നാണ് എത്തിക്കുന്നത്. നദി വളരെ ദൂരെയാണ്. മോശം വെള്ളമാണിവിടെ, ഇതു കാരണം ഇവിടുത്തുകാരില്‍ മിക്കവരും കുഷ്ഠരോഗികളെ പോലെയാണ്. ചിലരുടെ കാലുകള്‍ ചീര്‍ത്തു വയറിന്റെ അത്രയുമായിട്ടുണ്ട്. അവര്‍ക്കൊന്നും നടക്കാന്‍ തന്നെ വയ്യ.

മലബാറികളെന്നാണ് ഇവിടുത്തുകാര്‍ അറിയപ്പെടുന്നത്. കാലിക്കട്ടിലെ നായന്മാരുടെ വംശമാണ്. മറ്റു മലബാറികളില്‍നിന്ന് ഇവര്‍ വ്യത്യസ്തരാണ്. തലനിറയെ മുടിവളര്‍ന്നു മുകളിലേക്കാക്കി കെട്ടിവെച്ചിരിക്കുകയാണ്. തലയിലൊരു കൊച്ചുപൊന്തക്കാടു വളര്‍ന്നപോലെ. ആണുങ്ങളെല്ലാം നല്ല അമ്പെയ്ത്തുകാരാണ്. അമ്പിനും വില്ലിനും നല്ല നീളമാണ്. ചിലരുടെ കയ്യില്‍ നീളന്‍ ബാരലുള്ള കാലിവര്‍ തോക്ക് ഉണ്ട് (16-ാം നൂറ്റാണ്ടിലെ തോക്ക്). പക്ഷെ ഇത്രമോശമായി തോക്കുപയോഗിക്കുന്നവരെ കണ്ടിട്ടില്ല.

തെങ്ങും അതിന്റെ കായുമാണ് ഇവിടുത്തുകാര്‍ക്ക് എല്ലാം. ഭക്ഷിക്കാനും കുടിക്കാനുമുള്ളതെല്ലാം ഇതില്‍നിന്നു ലഭിക്കും. ചെറിയ വീടുകളാണ്. തെങ്ങോലകൊണ്ടു മറതീര്‍ത്തതാണ് എല്ലാം.

കുരുമുളക് കണ്ടമാനം വളരുന്നുണ്ട്. ഇംഗ്ലണ്ടിലെ ബെറിപ്പഴങ്ങള്‍ പോലെയുണ്ട്. പക്ഷെ ഇലകള്‍ ബെറിയുടേതിനേക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ്. കുരുമുളകെല്ലാം കാലിക്കട്ടിലാണ് വില്‍ക്കുന്നത്. കറുവാപ്പട്ടയും വളരുന്നുണ്ട്. പക്ഷെ നല്ല കറുവാപ്പട്ട സിലോണില്‍നിന്നാണു വരുന്നത്.'

എട്ടുമാസത്തോളം റാല്‍ഫ് ഫിച്ച് കൊച്ചിയില്‍ കറങ്ങി. യാത്രയ്ക്കു കപ്പലുകളൊന്നും കിട്ടാത്തതായിരുന്നു കാരണം. ഒടുവില്‍ നവംബര്‍ രണ്ടിനു ഗോവയിലേക്കു തിരിച്ചു. കൊച്ചിനില്‍നിന്നു ഗോവയിലേക്കു കടലിലൂടെ നൂറ് 'ലീഗ്' യാത്ര ചെയ്തെന്ന് റാല്‍ഫ് രേഖപ്പെടുത്തി. 'ലീഗ്' എന്നത് ദൂരമളക്കാന്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലും പ്രചാരത്തിലുണ്ടായിരുന്ന തോത് ആയിരുന്നു. കടലില്‍ ഒരു ലീഗ് മൂന്നു നോട്ടിക്കല്‍ മൈല്‍ അഥവാ അഞ്ചരകിലോമീറ്റര്‍.

ഗോവയില്‍ മൂന്നുദിവസം തങ്ങിയശേഷം 60 ലീഗ് ദൂരത്തുള്ള ചൗളിലേക്കു (റായ്ഗഡിലെ പഴയ തുറമുഖ നഗരം) പോയി. അവിടെ 23 ദിവസം തങ്ങി, വലിയ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചൗളില്‍നിന്നു ഓര്‍മുസിലേക്കും (ഇറാനിലെ ദ്വീപ്) ബസ്‌റയിലേക്കും കപ്പലോടി. വീണ്ടും അലെപ്പോയിലെത്തി. അവിടെനിന്ന് ഇംഗ്ലണ്ടിലേക്കുള്ള കപ്പലില്‍ കയറിപ്പറ്റി. ഒടുവില്‍ എട്ടു വര്‍ഷത്തിനുശേഷം 1591 ഏപ്രില്‍ 29-നു റാല്‍ഫ് സ്വന്തം നാട്ടില്‍ കാലുകുത്തി.

ഇവിടുത്തുകാര്‍ക്കെല്ലാം കറുത്ത നിറമാണ്. ആണുങ്ങള്‍ക്കു പൊക്കമുണ്ടെങ്കിലും പെണ്ണുങ്ങള്‍ ചെറുതാണ്. മധ്യഭാഗം മുതലേ തുണിയുള്ളു. അതുതന്നെ തുടവരെ മാത്രം. ബാക്കി നഗ്നമാണ്. വലിയ ചെവികളാണ് ഇവര്‍ക്ക്. അതില്‍ മുത്തും കല്ലുകളും പിടിപ്പിച്ച വളയങ്ങള്‍ ധരിച്ചിട്ടുണ്ട്.

Content Highlights: Shakespeares Macbeth and kochi in Kerala