യുവ എഴുത്തുകാരി ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ഏക് പാല്‍തു ജാന്‍വര്‍ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പുസ്തക പ്രകാശനം. മലയാള ചെറുകഥയിലെ വേറിട്ട ദിശയിലേക്കുള്ള ഒരു കൈചൂണ്ടിപ്പലകയാണ് ഈ പുസ്തകം എന്ന് താന്‍ കരുതുന്നതായി എന്‍.എസ് മാധവന്‍ പുസ്തകം പ്രകാശനം നിര്‍വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തിന്റെ താളുകളില്‍ 21ാം നൂറ്റാണ്ടിനെ കാണാന്‍ കഴിയുമെന്നും സാധാരണ മനുഷ്യരെ രാഷ്ട്രീയം ഏത് നിമിഷത്തിലും പിടികൂടാം എന്നുള്ള പരമ സത്യം മനസ്സിലാക്കിയ എഴുത്തുകാരിയാണ് ഷാഹിന കെ. റഫീഖെന്നും അദ്ദേഹം നിരീക്ഷിച്ചു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്. എഴുത്തുകാരിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ഷാഹിന കെ. റഫീഖിന്റെ ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി എന്ന പുസ്തകവും മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. 81/2 ഇന്‍ര്‍കട്ട്സ് ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ് എന്ന ഡോക്യുമെന്ററിയുടെ കോ-ഡയറക്ടറായ ഷാഹിന അണ്‍ഫ്രണ്ട് എന്ന ഹ്രസ്വസിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
എന്‍.എസ് മാധവന്റെ വാക്കുകളുടെ പൂര്‍ണരൂപം
ഈ കോവിഡ് കാലത്ത് ഞാന്‍ ഒരുപാട് വായിച്ചു. അക്കൂട്ടത്തില്‍ എന്നെ ഒറ്റയിരിപ്പിന് വായിക്കാന്‍ പ്രേരിപ്പിച്ച പുസ്തകമാണ് ഷാഹിന കെ. റഫീഖിന്റെ ഏക് പാല്‍തു ജാന്‍വര്‍ എന്ന ചെറുകഥ സമാഹാരം. മലയാള ചെറുകഥയിലെ വേറിട്ട ദിശയിലേക്കുള്ള ഒരു കൈചൂണ്ടിപ്പലകയാണ് ഈ പുസ്തകം എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകം പ്രകാശിപ്പിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്.
നമ്മുടെ ഓര്‍മയില്‍തന്നെയുള്ള അത്ര പഴയതല്ലാത്ത കാലത്ത് ജീവിതവും രാഷ്ട്രീയവും വെവ്വേറെയായിരുന്നു. ഇപ്പോള്‍ നമ്മുടെ ജീവിതത്തെ ഏത് കോണില്‍നിന്ന് വേണമെങ്കിലും രാഷ്ട്രീയം ബാധിക്കാം. ഏകാന്തനായി, അല്ലലില്ലാതെ അന്നന്നത്തെ അപ്പം തേടി ജീവിക്കുന്ന സാധാരണ മനുഷ്യരെ രാഷ്ട്രീയം ഏത് നിമിഷത്തിലും പിടികൂടാം എന്നുള്ള പരമ സത്യം മനസ്സിലാക്കിയ എഴുത്തുകാരിയാണ് ഷാഹിന കെ റഫീഖ്.
ഈ പുസ്തകത്തിന്റെ പേരായ കഥയെടുക്കാം, ഏക് പാല്‍തു ജാന്‍വര്‍. വരുണ്‍ സ്പന്ദന ദമ്പതികളുടെ അല്ലലില്ലാത്ത ജീവിതത്തിലേക്ക് ഒരു പശു കടന്നുവരുകയാണ്. യൂജിന്‍ ഐനെസ്‌കോയുടെ ഒരു നാടകമുണ്ട് ഹൗ ടു ഗെറ്റ് റിഡ് ഓഫ് ഇറ്റ്. ഈ ഫ്രെഞ്ച് നാടകകൃത്തിന്റെ വളരെ പ്രശസ്തമായ നാടകമാണിത്. ഒരു ഗ്രാമത്തില്‍ ഒരു ശവശരീരം ദിനംപ്രതി വളരുകയാണ്. അവസാനം ഗ്രാമീണര്‍ ആ ശവശരീരത്തെ എങ്ങനെ ഉപേക്ഷിക്കണം ( How to Get Rid of It ) എന്ന കാര്യത്തില്‍ ഉത്കണ്ഠാകുലരാകുകയാണ്. അതുപോലെ ഈ വരുണ്‍ സ്പന്ദന ദമ്പതികളുടെ ജീവിത്തില്‍ വന്ന് വളര്‍ന്ന് ഭീകരരൂപം പ്രാപിക്കുന്ന പശുവെന്ന രൂപകത്തെ അല്ലെങ്കില്‍ പശുവിനെ തന്നെ ഇന്നത്തെ കാലത്ത് എങ്ങനെ ഉപേക്ഷിക്കണം എന്നതിലുള്ള അപകടങ്ങളെപ്പറ്റി നിങ്ങള്‍ക്ക് തന്നെ ഊഹിക്കാവുന്നതേയുള്ളു.
മറ്റൊരു കഥ, നിങ്ങടെ ആള്‍ക്കാര്‍. അല്ലലില്ലാതെ തിമിര്‍ത്ത് ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥ. അവരുടെ ഇടയിലേക്കാണ് ഒരു ബസ് അപകടം യാദൃശ്ചികമായി കയറിവരുന്നത്. അപ്പോള്‍ അവരുടെ ആദ്യത്തെ ജിജ്ഞാസ അതില്‍ നമ്മുടെ ആള്‍ക്കാര്‍ എത്ര പെട്ടിട്ടുണ്ട് എന്നതാണ്. ഈ പുസ്തകത്തിലെ മൂന്നാമത്തെ ഒരു കഥയുടെ പേര് പുസ്തക പ്രകാശനം എന്നതാണ്. അതിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയാണത്. ആ പുസ്തക പ്രകാശന വേളകളിലെല്ലാം അതിശയോക്തി കലര്‍ത്തി അസത്യങ്ങള്‍ വിളിച്ചു പറയുന്നതിനെപ്പറ്റിയുള്ള കഥയാണത്. ഒരു മൂന്നാംകിട എഴുത്തുകാരനെ ഈ പുസ്തക പ്രകാശകന്‍ പുകഴ്ത്തി പുകഴ്ത്തി അവസാനം മലയാളത്തിലെ ഇറ്റാലോ കാല്‍വിനോ ആണ് എന്ന് പറഞ്ഞതില്‍ കുപിതയായി ഒരു സാഹിത്യകുതുകി അദ്ദേഹത്തെ വധിക്കുന്നതാണ് ഇതിലെ കഥ.

അതുകൊണ്ട് അല്‍പം കൈവിറയുണ്ട് എനിക്ക് ഈ പുസ്തകം പ്രകാശിപ്പിക്കാന്‍. പക്ഷെ ഞാന്‍ മുന്‍കൂട്ടിയെടുത്ത തീരുമാനം സത്യമേ പറയുള്ളു എന്നതാണ്. ഞാന്‍ പറയുന്ന വാക്കുകള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഈ പുസ്തകത്തിന്റെ താളുകളില്‍ 21ാം നൂറ്റാണ്ടിനെ നിങ്ങള്‍ക്ക് കാണാം. അതിലെ രാഷ്ട്രീയവും ചരിത്രവും സാധാരണ മനുഷ്യരും ആശയങ്ങളെയും ആശയങ്ങളുടെ ഇരകളെയും എല്ലാം നിങ്ങള്‍ക്ക് കാണാം. പക്ഷെ ഇതൊന്നും സാഹിത്യമായി തീരുന്നില്ല. അതിന് വേണ്ട പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും ആധുനികതയുടെ സ്വാതന്ത്ര്യവും ഷാഹിന തന്റെ ചെറുകഥകളില്‍ പ്രകടിപ്പിക്കുന്നുണ്ട്. എഴുത്തിന്റെ അനായാസത അഗാധമായ ചിന്തയെ ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഏറ്റവും സന്തോഷത്തോടുകൂടി ഞാന്‍ നിങ്ങള്‍ക്കായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.
ഷാഹിന കെ റഫീഖിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: ShahinaK Rafeeq Malayalam book release By NS Madhavan