Padham Onnu Athmaviswasamആശുപത്രിവാസത്തിനിടെ ഞാന്‍ മാതൃഭൂമിയുടെ ബാലപ്രസിദ്ധീകരണമായ ബാലഭൂമി വായിച്ചുകൂട്ടിയിരുന്നു. ആശുപത്രിയില്‍നിന്നും തിരിച്ചുവന്നിട്ടും ആ ശീലം തുടര്‍ന്നു. പുറത്തിറങ്ങുന്ന ദിവസംതന്നെ കവലയിലെ സോമരാജന്‍ ചേട്ടന്റെ കടയില്‍നിന്നും വാങ്ങിയ ബാലഭൂമിയും വായിച്ച് തിരികെ വീട്ടിലേക്കുള്ള തോട്ടില്‍ക്കൂടി ഒരൊറ്റനടത്തം. വായനയില്‍ മുഴുകി തോടിന്റെ ഓരം ചേര്‍ന്നാണ് നടപ്പെന്നതിനാല്‍ തോട്ടില്‍ ഇടയ്ക്കിടെ സവാരിക്കിറങ്ങുന്ന പാമ്പുകളെ പേടിക്കേണ്ടതില്ല.

ഒരു കഥയെഴുത്തുകാരനായി അറിയപ്പെടണമെന്നാഗ്രഹിച്ച ഞാന്‍ ഇനിയുള്ള പേജുകളില്‍ പക്ഷേ, എഴുതിയിരിക്കുന്നത് കഥകളല്ല. പച്ചയായ എന്റെ ജീവിതമാണ്. അത് എല്ലാ ഭാവനകളും അടര്‍ത്തിമാറ്റി, നേര്‍പകുതിയായി വലിച്ചുകീറി സുതാര്യമായി, നിങ്ങള്‍ക്കു മുന്‍പില്‍ വെക്കുന്നു. ഇവ എഴുതിപ്പോവുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്; ഒരാവര്‍ത്തികൂടി വായിച്ചുനോക്കാതെ. കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള 'ജോസ്' സോഫ്റ്റ്‌വെയര്‍ വെച്ചാണ് ഇത് ടൈപ്പ് ചെയ്തു തീര്‍ത്തത്. കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചിരുന്ന കാലവും പണ്ടായിരുന്നു. ഞാനും ഈശ്വരനും കാലവും ഇന്ന് ഒരുമിച്ച് ആ പുഴ നീന്തിക്കടന്നിരിക്കുന്നു; ഞങ്ങള്‍ വീണ്ടും ഒരുമിച്ച് നീന്തിക്കൊണ്ടേയിരിക്കുന്നു.

എന്റെ വലിയ ശത്രു സഹതാപമാണ്. എന്നോട് സഹതാപം പ്രകടിപ്പിക്കാതെ കൂടെ നിന്നവരാണ് എന്റെ ഊര്‍ജം. അവരില്‍നിന്ന് ഞാന്‍ ഊര്‍ജം കണ്ടെടുത്തു. അവരാണെന്റെ ജീവിതകണക്കുപുസ്തകം വെട്ടിയെഴുതിയത്. വെറുമൊരു ഫോട്ടോസ്റ്റാറ്റ് കടക്കാരന്‍ മാത്രമായ മോട്ടി ചെറിയാന്‍ മുതല്‍ യാതൊരു പരിചയവുമില്ലാഞ്ഞിട്ടും എനിക്കുള്ള സിവില്‍ സര്‍വീസ് അപ്പോയിന്‍മെന്റ് ലെറ്റര്‍ ഒപ്പിട്ടു വാങ്ങിയ ഡല്‍ഹിയിലെ നീലകണ്ഠന്‍ സാര്‍ വരെ.ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനിറങ്ങുമ്പോള്‍ എവിടെ തുടങ്ങണമെന്ന്, എങ്ങനെ തുടങ്ങണമെന്ന് എന്നറിയില്ലായിരുന്നു. പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു.

ഒരു മാര്‍ഗനിര്‍ദേശം തേടിയാണ് മൊത്തം ചെലവാക്കിയ എട്ടു വര്‍ഷത്തില്‍ നാലര വര്‍ഷവും ഞാന്‍ ചെലവാക്കിയത്. ഒരിടത്തും ഞാന്‍ കോച്ചിങ്ങിനായി പോയിട്ടില്ല.കടല്‍ക്കരയില്‍നിന്ന് എങ്ങനെ, എവിടെനിന്ന് നീന്തിത്തുടങ്ങണമെന്ന് സ്വപ്‌നം കാണാന്‍ ശ്രമിച്ച ഒരു നാട്ടിന്‍പുറത്തുകാരന്റെ വഴികള്‍ പകര്‍ത്തിവെച്ചിരിക്കുകയാണ് ഇവിടെ. ഞാന്‍ സ്വയം രൂപപ്പെടുത്തിയ ജീവിതവഴികളിലൂടെയുള്ള ആ പഠനക്രമമാണ് നിങ്ങള്‍ക്കു മുന്‍പില്‍ വെക്കുന്നത്.

പലയിടത്തും പോകുമ്പോള്‍, ആശയറ്റവരെ കാണുമ്പോള്‍, ഒരു തുടക്കം കിട്ടാതെ ഉഴറുന്നവരെ കണ്ടുമുട്ടുമ്പോള്‍, മാര്‍ഗനിര്‍ദേശം കിട്ടാന്‍ നിരന്തരം വന്നുകാണുകയും വിളിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍ എഴുതിപ്പോയതാണ് ഇവ. ഈ കുറിപ്പുകള്‍ ഉന്നംവെക്കുന്നത് ഇനി എഴുതാന്‍ പോകുന്നവരെ മാത്രമല്ല, ജീവിതത്തോട് പോരടിക്കുന്ന എല്ലാവരെയുമാണ്. 

ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയോ, മിണ്ടാതെ ഉള്ളില്‍ അടക്കിപ്പിടിച്ച ഊര്‍ജവുമായി ലക്ഷ്യത്തിലേക്കെത്താന്‍ കൊതിച്ച് സ്വപ്‌നങ്ങളുമായി ഇരിക്കുന്ന ഒരു ലിപിന്‍ രാജിന്റെ മനസ്സിലേക്ക് എറിഞ്ഞുകൊടുക്കാനുള്ള ഊര്‍ജകണികകളാണ് ഇതിലുള്ളത്. ആ ലിപിന്‍ ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ എന്നെപ്പോലെ മുനിഞ്ഞുകത്തുന്ന ഒരു വെളിച്ചത്തിന് താഴേയിരുന്നു വായിച്ച് 'എന്നെക്കൊണ്ടും ഇത് പറ്റും' എന്നു പറയുന്നിടത്ത് ഈ പുസ്തകം അതിന്റെ ലക്ഷ്യം കണ്ടെത്തട്ടെ.

പുസ്തകം വാങ്ങാം