പുതുവര്‍ഷപ്രതിജ്ഞകളില്‍ ആദ്യത്തെ പത്തില്‍ ഇടം പിടിക്കുന്ന ഒന്ന് വായനയാണ്. പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി വായിക്കുന്ന പ്രവണതയില്‍ നിന്നും മാറി നടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വായിച്ചിരിക്കേണ്ട വിഷയങ്ങള്‍, പുസ്തകങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് പുസ്തകപ്രേമികള്‍.
ഐതിഹ്യങ്ങളില്‍ നിന്നും തുടങ്ങാം
വായനയെ സങ്കീര്‍ണമാക്കുകയോ ബൗദ്ധികനിലവാരത്തിന്റെ പ്രശ്‌നമായി എടുക്കുകയോ വേണ്ടതില്ല. മറിച്ച് വര്‍ഷത്തില്‍ ഒരു ഐതിഹ്യം അറിഞ്ഞിരിക്കണമെന്നാണ് സെലക്ടീവ് റീഡേഴ്‌സ് പറയുന്നത്. ഐതിഹ്യങ്ങള്‍ ഏതുമാവട്ടെ, വായനക്കാരുടെ ഭാഷയുമായി സംവദിക്കുന്നതായിരിക്കണം എന്നുമാത്രം. ഐതിഹ്യനോവലുകളോ അനുബന്ധകഥകളോ ആവരുത് വായനക്കായി തിരഞ്ഞെടുക്കുന്നത്. ആധുനികവീക്ഷണങ്ങള്‍ ഐതിഹ്യങ്ങളുമായി എത്രമാത്രം താദാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്നും വര്‍ത്തമാനകാല ജീവിതത്തിലേക്ക് അനുവര്‍ത്തിക്കാന്‍ തക്കവണ്ണമുള്ള എന്ത് മൂല്യങ്ങളാണ് ഐതിഹ്യ വായനകള്‍ നല്കുന്നതന്നും പരിശോധിക്കുകയും വേണം.
മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ പുസ്തകങ്ങളെ കൈവിടരുത്
ചുരുങ്ങിയത് മൂന്ന് പുരസ്‌കാരങ്ങളെങ്കിലും കരസ്ഥമാക്കിയിട്ടുള്ള ഒരു പുസ്തകമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് വായിച്ചിരിക്കണം. വിഖ്യാതപുരസ്‌കാരങ്ങള്‍ തേടിയെത്തുന്ന കൃതികളുടെ സവിശേഷതകള്‍ സ്വയം വിലയിരുത്തുക, അത്തരം പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളുടെ വ്യാപ്തി ചര്‍ച്ചചെയ്യുക. വര്‍ത്തമാനകാലജീവിതത്തില്‍ അത്തരം പുസ്തകങ്ങള്‍ എന്തുചലനങ്ങളാണ് ഉണ്ടാക്കിയത് എന്ന് നിരീക്ഷിക്കുക. അതിനോട് സംവദിക്കുക തുടങ്ങിയവയെല്ലാം വായനയുടെ അനുബന്ധ പ്രവര്‍ത്തികളായി കാണേണ്ടതുണ്ട്.
കഥ പറയുന്നത് മനുഷ്യര്‍ മാത്രമല്ല
മനുഷ്യരല്ലാത്തവര്‍ ആഖ്യാതാക്കളായി വരുന്ന പുസ്തകങ്ങളുണ്ടോ? തിരഞ്ഞുപിടിച്ച് വായിക്കുക തന്നെ വേണം. അന്യഗ്രഹജീവികളുടെ കാഴ്ചപ്പാടിലൂടെയും മൃഗങ്ങള്‍ മുഖ്യകഥാപാത്രങ്ങളായി വന്ന് നടത്തുന്ന ആഖ്യാനത്തിലൂടെയും പുരോഗമിക്കുന്ന പ്രമേയപശ്ചാത്തലമുള്ള പുസ്തകങ്ങള്‍ വര്‍ഷത്തില്‍ ഒന്നെങ്കിലും എന്നതോതില്‍ വായിച്ചിരിക്കണം. മനുഷ്യരല്ലാത്തവരുടെ കാഴ്ചപ്പാടിലൂടെ കഥ പറയുമ്പോള്‍ അവനവന്റെയും ജീവിതത്തിന്റെയും ലോകത്തിന്റെ തന്നെയും പരിമിതികള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. ജോര്‍ജ് ഓര്‍വെല്ലിന്റെ 'ആനിമല്‍ഫാം' ഓര്‍ക്കാതെ വയ്യ.
ഒന്നാംകിട രാജ്യങ്ങളില്‍ നിന്നല്ലാത്ത പുസ്തകങ്ങള്‍
പുസ്തകം ചരിത്രവും ജീവിതവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ഇടങ്ങളാണ്. മികവുറ്റ രാജ്യങ്ങളുടെ സാംസ്‌കാരിക സംഭാവന എന്നതിനപ്പുറത്തേക്കുള്ള ലോകത്തേക്ക് നമ്മെ നയിക്കുക പലപ്പോഴും വികസ്വരരാജ്യങ്ങളിലെയും അവികസിതരാജ്യങ്ങളിലെയും എഴുത്തുകാരുടെ പുസ്തകങ്ങളാണ്. തികച്ചും അപരിചിതമായ ജീവിതങ്ങളും കഥാപാത്രങ്ങളും അവിടെ കാണാം. വായനയിലെ തിരഞ്ഞെടുപ്പില്‍ അത്തരത്തിലൊരു പുസ്തകത്തിന് പ്രത്യേക സ്ഥാനം തന്നെ കൊടുക്കേണ്ടതുണ്ട്.
മാതാപിതാക്കള്‍ക്കായി ഒരു പുസ്തകം
പരമ്പരാഗത കൈമാറ്റം സ്വത്തിന്റെ കാര്യത്തില്‍ മാത്രം പോരാ എന്നാണ് സെലക്ടീവ് റീഡേഴ്‌സ് പറയുന്നത്. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുടെ പ്രായത്തില്‍ വായിച്ചിരുന്ന ഏതെങ്കിലുമൊരു പുസ്തകം തിരഞ്ഞുപിടിച്ച് വായിക്കാനാണ് അടുത്ത ശുപാര്‍ശ. വായിച്ചാല്‍ മാത്രം പോരാ, പുസ്തകത്തെക്കുറിച്ച് ചര്‍ച്ചയും വേണം. ഒരു പുസ്തകത്തെ രണ്ട് തലമുറകള്‍ ഏതുവിധത്തിലാണ് ഉള്‍ക്കൊണ്ടത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണത്. ക്ലാസിക്കുകളുടെ ജനനവും തലമുറകളുടെ വായനയും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു ഇത്തരം വായനകള്‍.
ബാലസാഹിത്യം കുട്ടികള്‍ക്ക് മാത്രമുള്ളതല്ല
ഇപ്പോള്‍, ഈ നിമിഷം ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്ന ബാലസാഹിത്യവും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്. അത്രയും കാലം തലയിലേറ്റി കൊണ്ടുനടക്കുന്ന മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയവയില്‍ നിന്നും മനസ്സിനെ മോചിപ്പിക്കാനാണ് ബാലസാഹിത്യവായന നിര്‍ദ്ദേശിച്ചിരിക്കുന്നത്. വായിച്ചുതീര്‍ത്ത സങ്കീര്‍ണമായ പുസ്തകപ്രമേയങ്ങളില്‍ നിന്നും ബുദ്ധിയെ ഒന്നു മോചിപ്പിച്ചെടുക്കുക എന്നതു കൂടിയാണ് ലക്ഷ്യം. മാത്രമല്ല, ലോകത്തിന് എന്ത് പുതിയ മാറ്റമാണ് സംഭവിച്ചത് എന്നറിയാനുള്ള എളുപ്പവഴിയും ബാലസാഹിത്യവായനയാണ്.
വായനാശ്രദ്ധയെത്താത്ത ഒരു വിഭാഗത്തിലെ ക്‌ളാസിക്
ചിലര്‍ സയന്റിഫിക് നോവലുകളോടും കഥകളോടും മുഖം തിരിക്കുന്നവരാകാം, ചിലരാവട്ടെ രാഷ്ട്രീയ നോവലോ, ഓര്‍മക്കുറിപ്പുകളോ വായനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവില്ല. അത്തരം ജാനറുകളില്‍ നിന്നും ഒരു ക്‌ളാസിക് എടുത്ത് വായിക്കാന്‍ ശ്രമിക്കുക. വായനയിലെ ക്‌ളീഷേ ഒഴിവാക്കാനാണിത്.
രാഷ്ട്രീയ ആത്മകഥകള്‍
മാതൃരാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകസ്ഥാനം വഹിച്ച മഹത്തുക്കളുടെ ആത്മകഥകളാണ് രാഷ്ട്രീയ ആത്മകഥാവായനയില്‍ ഉള്‍പ്പെടുത്തേണ്ടത്. ചരിത്രപാഠങ്ങള്‍ പഠിപ്പിച്ചുതന്ന ചരിത്രവും മഹാന്മാരുടെ അനുഭവങ്ങളും തമ്മില്‍ എത്രകണ്ട് വൈരുധ്യമുണ്ട്, സാദൃശ്യമുണ്ട് എന്ന് മനസ്സിലാക്കാനും ഇത്തരം വായനകള്‍ സഹായിക്കും.
നിരോധിക്കപ്പെട്ട ഒരു പുസ്തകം
പുസ്തകങ്ങള്‍ നിരോധിക്കപ്പെടാന്‍ പലകാരണങ്ങളുണ്ട്. രാഷ്ട്രത്തിന്റെ നയതന്ത്രങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതോ, അഖണ്ഡതയെ തടസ്സപ്പെടുത്തുന്നതോ ആയ പുസ്തകങ്ങള്‍ വിലക്കപ്പെടാറുണ്ട്. ഓരോ രാജ്യത്തും നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി അതില്‍ അത്യാവശ്യമായി വായിച്ചിരിക്കേണ്ടതാണെന്ന് സ്വയം തോന്നുന്ന പുസ്തകങ്ങള്‍ക്ക് പരിഗണനാക്രമം കൊടുക്കുക. ഓര്‍ക്കുക, ഒരു രാജ്യത്തെ ഏറ്റവും മികച്ച പുസ്തകങ്ങളാണ് പലപ്പോഴും വിലക്കപ്പെടാറുള്ളത്.
മതഗ്രന്ഥങ്ങള്‍
അന്യമതഗ്രന്ഥങ്ങള്‍ വായിക്കുന്നതിലൂടെ നേടുന്ന അറിവിന്റെ അപാരതയാണ് ഒരു വ്യക്തിയുടെ പ്രായോഗിക ജീവിതത്തില്‍ ഉപകാരപ്പെടുക. മൂലഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിവര്‍ത്തനം അന്വേഷിച്ചു കണ്ടെത്തിയിട്ട് വേണം വായിക്കാന്‍. താന്‍ ജീവിക്കുന്ന മതാനുഷ്ഠാനങ്ങളോടൊപ്പം തന്നെ അന്യമതക്കാരെയും ബഹുമാനിക്കാനും ഈ വായന സഹായിക്കും. മതസ്പര്‍ധകളുടെ പ്രധാനകാരണം തന്നെ സ്വമതത്തെക്കുറിച്ചുള്ള അല്പജ്ഞാനവും അന്യമതങ്ങളിലെ അജ്ഞാനവുമാണ്.
അന്റാര്‍ട്ടിക്കയും പുസ്തകങ്ങളാണ്
ഹിമവന്‍കരകളും പുസ്തകങ്ങളാണ്. അത്യധികം തണുപ്പുള്ള സ്ഥലങ്ങളിലെ ജീവിതവും ചുറ്റുപാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. നോവലോ കഥകളോ അല്ലാതെ വിജ്ഞാനസാഹിത്യങ്ങളാണ് ഇത്തരം അറിവുകള്‍ക്കായി നമ്മെ സഹായിക്കുക.
കവിതാപുസ്തകങ്ങള്‍
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്. ലളിതവായനയ്ക്കാണ് കവിതകള്‍ സ്വതവേ പറയാറുള്ളതെങ്കിലും കവിതയോളം പോന്ന ശക്തമായ ഒരു സാഹിത്യരൂപം വേറെയില്ല. കോള്‍റിഡ്ജ് പറഞ്ഞതുപോലെ ബെസ്റ്റ് വേഡ്‌സ് ഇന്‍ ബെസ്റ്റ് ഓര്‍ഡര്‍ ആണ് കവിതകള്‍.
Content Highlights: Selective readers suggests the books must be read in a year