ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തിന്റെ പുസ്തകശേഖരം കഴിഞ്ഞ വര്‍ഷം വരെ തുറക്കാത്ത നിലവറയായിരുന്നു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും താത്പര്യമില്ലാത്ത അവസ്ഥ. ലിനി എന്ന അധ്യാപിക ലൈബ്രറി തുറന്നു നോക്കിയപ്പോഴാണ് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള അമൂല്യമായ പുസ്തകങ്ങളുടെ വലിയ ശേഖരമാണ് സ്കൂളിനുള്ളതെന്ന് മനസ്സിലാകുന്നത്.
പുസ്തകശേഖരം കുട്ടികള്‍ക്ക് പ്രയോജനപ്പെടും വിധം എങ്ങനെ ക്രമീകരിക്കണമെന്നറിയാന് ദിവസങ്ങളോളം എറണാകുളം പബ്ലിക് ലൈബ്രറിയില്‍ പോയി പഠിച്ചു. നല്ല സഹകരണം അവര്‍ നല്‍കുകയും ചെയ്തു. കിട്ടിയ അറിവുകള്‍ വച്ച് ലിനി പുസ്തകങ്ങള്‍ ക്രമീകരിക്കാന്‍ തുടങ്ങി. ആറായിരത്തിലേറെ പുസ്തകങ്ങള്‍ നമ്പറിട്ട് രജിസ്റ്ററില്‍ കയറ്റി.
പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. ലൈബ്രറി ക്രമീകരിക്കുന്നതിനും മറ്റും പ്രധാനാധ്യാപിക എന്‍.കെ. സീനയും പി.ടി.എ. ഭാരവാഹികളുമൊക്കെ നല്ല പിന്തുണ നല്‍കുകയും ചെയ്തു. നന്നായി ക്രമീകരിച്ച ലൈബ്രറി വായനാ ദിനത്തില്‍ കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. ഓരോ മാസവും ഏറ്റവും നല്ല വായനക്കാരനെ കണ്ടെത്താന്‍ മത്സരമൊക്കെയുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ക്കിണങ്ങുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് നല്കി.

വായനക്കാരായ ഗൗരി കൃഷ്ണയ്ക്കും രേഷ്മയ്ക്കുമൊപ്പം
ദിവസം ചെല്ലുംതോറും വായിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധന അധ്യാപകരെ അതിശയിപ്പിക്കുന്നതായിരുന്നു. ആറാം ക്ലാസുകാരി ഗൗരി കൃഷ്ണ ആറുമാസം കൊണ്ട് വായിച്ചത് 104 പുസ്തകങ്ങള്‍. ഇത് വെറും കണക്കല്ല. വായിക്കുന്ന ഓരോ പുസ്തകത്തെ കുറിച്ചുമുള്ള ചെറുവിവരണം അധ്യാപകര്‍ക്ക് നല്കിയാല് മാത്രമാണ് അടുത്ത പുസ്തകം നല്‍കുക. താന്‍ വായിച്ചതിലേറ്റവും സ്വാധീനിച്ചത് ചെക്കോവിന്റെ 'വാന്‍ക'യാണെന്ന് ഗൗരി കൃഷ്ണ പറയുന്നു.
അഞ്ചാം ക്ലാസുകാരി രേഷ്മ വായിച്ചത് 30 പുസ്തകങ്ങള്‍. ഒമ്പതാം ക്ലാസുകാരി രേഷ്മയാകട്ടെ വായിച്ച പുസ്തകങ്ങളുടെ എണ്ണം പത്തെങ്കിലും; എല്ലാം കനപ്പെട്ടവയായിരുന്നു. തയ്യാറാക്കുന്ന കുറിപ്പുകളില്‍ ഈ കുട്ടി വേറിട്ട് നില്ക്കുന്നു. വായന ആഴത്തിലെന്ന് കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ലിനി ടീച്ചര്‍ക്കിപ്പോള്‍ ഇടവേളകളില്ല. ഇടവേളകളിലാണ് കുട്ടികള്‍ പുസ്തകങ്ങള്‍ക്കായി ഓടിയെത്തുന്നത്. ലൈബ്രറി കാര്യക്ഷമമാക്കാന്‍ ലിനി കാണിച്ച ആത്മാര്‍ത്ഥത എടുത്തു പറയേണ്ടതാണെന്ന് പ്രധാനാധ്യാപിക എന്‍.കെ. സീനയും സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ കുട്ടികളെ വായനയുടെ ലോകത്തേക്കാകര്ഷിക്കാന് കുട്ടികളുടെ കുറിപ്പുകളുടെ പ്രദര്‍ശനവും ഒരുക്കി സ്കൂളില്‍. എല്ലാ ക്ലാസുകാരും ൈകയെഴുത്ത് മാസിക തയ്യാറാക്കുന്ന തിരക്കിലുമാണിപ്പോള്‍.