മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഷൈനയുടെ ഏറ്റവും പുതിയ നോവലായ ജലനയനി പ്രകാശനം ചെയ്തു. എഴുത്തുകാരി സാറാ ജോസഫ് മാതൃഭൂമി ബുക്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവഹിച്ചത്. പ്രളയമെന്ന പദം മനുഷ്യജീവിതത്തിൽ പുതുമയില്ലാത്ത ഒന്നായിരിക്കുന്ന കാലത്താണ് ജലനയനി പോലെയുള്ള കൃതികളുടെ പ്രസക്തിയെന്ന് സാറാ ജോസഫ് അഭിപ്രയപ്പെട്ടു. സാറാജോസഫിന്റെ വാക്കുകളിലേക്ക്:

മനുഷ്യൻ മനുഷ്യൻ ഞാൻ എന്ന് ദിഗന്തങ്ങളെ വിറപ്പിച്ചുകൊണ്ട് കുതിരപ്പുറത്ത് പാഞ്ഞുപോകുന്ന വയലാറിന്റെ മനുഷ്യൻ നമ്മുടെ മനസ്സിൽ വലിയ അജയ്യഭാവത്തിൽ മുന്നേറുമ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രകൃതിയെ കീഴടക്കുന്ന, ജയിക്കുന്ന മനുഷ്യനെപ്പറ്റിയുള്ള സങ്കൽപങ്ങളായിരുന്നു. ആ കാലഘട്ടത്തിന് അത് അനിവാര്യമായിരിക്കാം. ശാസ്ത്രബോധവും യുക്തിബോധവും വളരയധികം പ്രചാരം നേടേണ്ടതുണ്ട് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധം മനുഷ്യന്റെ സുഖഭോഗങ്ങൾക്കും മനുഷ്യന്റെ ആഗ്രഹങ്ങൾക്കും ഏതുവിധത്തിലും ചൂഷണം ചെയ്യാനുള്ളതാണ് പ്രകൃതി എന്ന ബോധമായിരുന്നു നയിച്ചിരുന്നത്. അതിനനുസൃതമായ പദാവലികളും ശൈലികളുമൊക്കെ നമ്മുടെ ഭാഷയിൽ ഉണ്ടാവുകയും ചെയ്തു. പ്രകൃതിയെ കീഴടക്കി, മണ്ണിനോട് മല്ലടിച്ചു, പ്രകൃതിയെ ജയിച്ചു, കാടിനെ മെരുക്കി എന്നിങ്ങനെയുള്ള പദാവലികൾ നമ്മുടെ ഭാഷയിൽ വളരെയധികം പ്രചാരം നേടുകയും ചെയ്തു. അതൊക്കെത്തന്നെ മനുഷ്യന്റെ നേട്ടങ്ങൾ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചു. മനുഷ്യന് കീഴടക്കാനുള്ളതും ജയിക്കാനുള്ളതും തോല്പിക്കാനുള്ളതുമാണ് പ്രകൃതി എന്ന ഒരു മൂല്യബോധമാണ് അപ്പോൾ നിലനിന്നിരുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ എങ്ങനെയാണ് അപകടകരമായ, അതിഭയങ്കരമായ വിള്ളൽ വന്നു ചേർന്നിരിക്കുന്നത് എന്നതിന്റെ നേരാഖ്യാനമാണ് ഷൈനയുടെ പുതിയ നോവലായ ജലനയനി. കേരളത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ച പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ ഇതൊരു പ്രളയ പുസ്തകമാണ് എന്നുതന്നെ പറയാം. നാല് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്; കുടിയേറ്റം, പുഴ, ഡാമുകൾ, മഹാപ്രളയം. ഇന്നത്തെ ജീവിതത്തിന്റെ ഒരു കണ്ണാടി പോലെയാണ് ഷൈനയുടെ ഈ പുസ്തകം. പ്രകൃതിയെക്കുറിച്ചുള്ള വലിയ മുന്നറിയിപ്പുകൾ നമുക്ക് കിട്ടിക്കഴിഞ്ഞ ഈ കാലത്തിൽ ഈ പുസ്തകം പ്രളയത്തിന്റെ നേരാഖ്യാനം കൂടിയാണ് നടത്തുന്നത്.

വർത്തമാനകാല സംഭവങ്ങൾ നോവലിലൂടെ ആവിഷ്കരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വർത്തമാനകാലം സംഭവങ്ങളുടെ നേർചിത്രീകരണങ്ങൾ ഞൊടിയിടയിൽ നമുക്ക് ലഭിക്കുന്ന കാലഘട്ടം കൂടിയാണിത്. ദൃശ്യമാധ്യമങ്ങൾ അത്ര സജീവമാണ്. ആ ദൃശ്യമാധ്യമങ്ങളോട് കിടപിടിച്ചു നിൽക്കാൻ വാക്കുകൾക്ക് കെൽപില്ല എങ്കിൽ സാഹിത്യം തോറ്റുപോകും. എൽസിയെന്ന മനോഹരിയായ പെൺകുട്ടിയുടെ ജഡത്തിൽ നിന്നു തുടങ്ങി മനുഷ്യനെ വീണ്ടും വീണ്ടും യാഥാർഥ്യലോകത്തെ അനുഭവിപ്പിക്കുന്നതിലൂടെ ജലനയനി നല്ലൊരു വായനാനുഭവമാണ് തരുന്നത്.

Content Highlights: Sarah Joseph Released the novel Jalanayani by Shyna published by Mathrubhumi Books