ഇക്കൊല്ലത്തെ ഓടക്കുഴല്‍ അവാര്‍ഡിനര്‍ഹയായ സാറാ ജോസഫ് പ്രതികരണമറിയിക്കുന്നു

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് 'ബുധിനി' എന്ന നോവലിന് ലഭിച്ചതില്‍ സന്തോഷമുണ്ട്. മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠം കൊണ്ടുവന്ന കവിയാണ് അദ്ദേഹം. ഭാരതീയമായ ഒരു ബഹുമതി കൊണ്ടുവന്ന മഹാകവിയുടെ പേരിലുള്ള പുരസ്‌കാരം സന്തോഷപൂര്‍വം സ്വീകരിക്കുന്നു. ജി മരിക്കുന്നതിനു മുമ്പ് അവസാനമായി എഴുതിയ കത്ത് എനിക്കുള്ളതായിരുന്നു. ജിയെ പഠിച്ചും വായിച്ചും ചൊല്ലിയും വളര്‍ന്ന തലമുറയിലുള്ളതാണ് ഞാന്‍. 

കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സ്വീകരിക്കുകയും അതാത് കാലത്തെ സര്‍ക്കാരിനോടുള്ള വിമര്‍ശനാത്മക നിലപാടുകളെ ഭാഗമായി തിരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍. സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള വിയോജിപ്പ് അവര്‍ തന്ന പുരസ്‌കാരങ്ങളിലൂടെയാണ് പ്രകടിപ്പിക്കാന്‍ കഴിയുക. എതിരിടാനുള്ള ആയുധമാണ് നമുക്കുകിട്ടിയ ബഹുമതി എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സര്‍ക്കാറിന്റെ തെറ്റായ നിലപാടുകളോടുള്ള എതിര്‍പ്പാണ് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. അതിനര്‍ഥം എല്ലാ പുരസ്‌കാരങ്ങളോടും എല്ലാ കാലവും ആ നിലപാടില്ല എന്നുതന്നെയാണ്.

Content Highlights :Sara Joseph reacts on winning Odakkuzhal award 2021