ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മികച്ച വിദേശഭാഷാ പ്രസാധകനുള്ള ഷാര്‍ജ ഭരണാധികാരിയുടെ അംഗീകാരത്തിന് മലപ്പുറം ചങ്ങരംകുളം പെരുമുക്ക് ആനക്കപ്പറമ്പില്‍ സലീം അബ്ദുല്‍ റഹ്മാന്‍ (55) അര്‍ഹനായി.

ബുക്ക്ലാന്‍ഡ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ് സലിം അബ്ദുല്‍ റഹ്മാന്‍. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുഖ്യരക്ഷാധികാരി കൂടിയായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സലിം അബ്ദുല്‍ റഹ്മാന് സര്‍ട്ടിഫിക്കറ്റ് നേരിട്ട് സമ്മാനിച്ചു. വായനക്കാര്‍ക്ക് സലിം അബ്ദുല്‍ റഹ്മാന്‍ നല്‍കുന്ന സംഭാവനയെ ശൈഖ് സുല്‍ത്താന്‍ അഭിനന്ദിച്ചു.

ഡോ. ശൈഖ് സുല്‍ത്താനുമായി സംസാരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ കാര്യമായി കാണുന്നെന്ന് സലിം അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. 38 വര്‍ഷമായി പ്രവാസിയായ സലിം നൂറോളം പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഭൂരിഭാഗവും അറബി കൃതികളാണ് സലിം ബുക്ക്ലാന്‍ഡിലൂടെ പുറത്തിറക്കിയത്. ഏറെ വിറ്റുപോയ യുവാല്‍ നോഹ് ഹരാരിയുടെ സാപിയന്‍സ് എന്ന പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. 2020- ലാണ് ഈ കൃതി പുറത്തിറക്കിയത്. ഇന്ത്യക്കാരന്‍ സാനിയ ഇസ്നൈന്‍ ഖാന്റെ ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള ബെഡ് ടൈം സ്റ്റോറിയുടെ അറബിപ്പതിപ്പും സലിം അബ്ദുല്‍ റഹ്മാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights : salim abdul rahman wons the best foreign publisher award sharjah book fare