sayed Shafiഷാര്‍ജ: സ്‌ക്രൂകളുപയോഗിച്ച് പ്രവാസി മലയാളി ഒരുക്കിയ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രം അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശിയായ സെയ്ദ് ഷാഫിയാണ് (34) ഈ അപൂര്‍വ നിര്‍മിതിക്ക് പിന്നില്‍. 2020-ലെ യു.എ.ഇ. ദേശീയദിനത്തോട് അനുബന്ധിച്ചാണ് ഷാഫി ഈ കലാസൃഷ്ടി പൂര്‍ത്തിയാക്കിയത്. 115 മണിക്കൂര്‍ സമയമെടുത്ത് 25,200 സ്‌ക്രൂകളുപയോഗിച്ച് നിര്‍മിച്ച രാഷ്ട്രപിതാവിന്റെ ചിത്രം കാണാനായി ഒെേട്ടറ പേരാണ് എത്തുന്നത്.

ഫുജൈറയില്‍ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സെയ്ദ് ഷാഫി ആദ്യമായാണ് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ തന്റെ അപൂര്‍വസൃഷ്ടി പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ഇതിനകംതന്നെ യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തിലെ ഏഷ്യന്‍ റെക്കോഡ് ലഭിച്ചുകഴിഞ്ഞു. കമ്പനി മാനേജര്‍ ഉള്‍പ്പെടെയുള്ള പിന്തുണയോടെയാണ് ഈ കലാകാരന്‍ നേട്ടം സ്വന്തമാക്കിയത്.

നേരത്തേ വരച്ച ശൈഖ് സായിദിന്റെ മറ്റൊരു ചിത്രം ഫുജൈറ മ്യൂസിയത്തിലുണ്ട്. മാത്രമല്ല ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയെ വരച്ചത് അദ്ദേഹത്തിന് നേരിട്ട് കൊടുക്കാനും ഈ ചെറുപ്പക്കാരന് സാധിച്ചു. ഈ ചിത്രവും ഫുജൈറ മ്യൂസിയത്തില്‍ ഇടംപിടിച്ചു. സിനിമാ-സീരിയല്‍ രംഗത്ത് അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിരുന്ന സെയ്ദ് ഷാഫി 130 രാജ്യങ്ങളുടെ നാണയങ്ങളും കറന്‍സികളും ശേഖരിച്ചിട്ടുണ്ട്

Content Highlights :said shafi scroo made image of shake sayid bin sulthanal nahyan