കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി പ്രൊഫ. എം. കൃഷ്ണന്‍നായരുടെ 'സാഹിത്യ വാരഫലം' മാതൃഭൂമി ബുക്‌സ് സമ്പൂര്‍ണമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മലയാളനാട് വാരിക, കലാകൗമുദി, സമകാലിക മലയാളം എന്നീ പ്രസിദ്ധീകരണങ്ങളിലായി മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സാഹിത്യവാരഫലം എഴുത്തുകാരന്‍ പി.കെ രാജശേഖരന്‍ എഡിറ്ററായാണ് സമ്പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായിയിരുന്ന സാഹിത്യവാരഫലം, സാധാരണക്കാരെ സാഹിത്യത്തോടടുപ്പിക്കുകയും മലയാളസാഹിത്യത്തിന്റെയും ഇന്ത്യന്‍ സാഹിത്യത്തിന്റെയും വിശ്വസാഹിത്യത്തിന്റെയും ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 

pk Rajashekharan
പി. കെ. രാജശേഖരന്‍

'മലയാളിക്കു മുന്നില്‍ സാഹിത്യത്തിന്റെ പല ആകാശങ്ങളിലേക്കു തുറന്ന ജാലകമായിരുന്നു പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം. സാമാന്യ വായനക്കാരും പണ്ഡിതരും പുസ്തക പ്രണയികളും അതിലൂടെ ഇംഗ്ലീഷിനപ്പുറമുള്ള എഴുത്തിന്റെ വിശാല ലോകങ്ങള്‍ കണ്ടു. നിര്‍ദയവും നിര്‍ഭയവുമായ നിരീക്ഷണങ്ങളും ഫലിതപരിഹാസങ്ങളുംകൊണ്ട് മലയാളിയുടെ ഭാവനയെ സാഹിത്യവാരഫലം നിരന്തരം പുതുക്കിപ്പണിതു. കോളമെഴുത്തില്‍ അത്യപൂര്‍വമായൊരു മാതൃക സൃഷ്ടിച്ച എം. കൃഷ്ണന്‍നായര്‍ ഒരു ചുവടു മുന്നിലാണ് നടന്നുകൊണ്ടിരുന്നത്...' സാഹിത്യ വാരഫലത്തെക്കുറിച്ച് പി. കെ. രാജശേഖരന്‍ നിരീക്ഷിക്കുന്നു. 

പുസ്തകത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Content Highlights: Sahitya Varaphalam by M KrishnanNair PK Rajeshekharan Mathrubhumi Books