കെ.പി.എ സമദ് സമദ് രചിച്ച കവിയും ഗാനരചയിതാവുമായ സാഹിര്‍ ലുധിയാന്‍വിയുടെ ജീവചരിത്രം സാഹിര്‍ അക്ഷരങ്ങളുടെ ആഭിചാരകന്‍ എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ കാരശ്ശേരി പ്രകാശനം ചെയ്തു. കാരശ്ശേരിയുടെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു പ്രകാശനം. മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് നമുക്കിത്തരം പുസ്തകങ്ങള്‍ ആവശ്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കാരശ്ശേരി പറഞ്ഞു.

ഇന്ത്യയില്‍ മതസമുദായങ്ങള്‍ തമ്മില്‍ ഐക്യം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് സംഗീതകാരന്മാര്‍ക്കുണ്ട്. സാഹിറിനെ ഒരു പാട്ടെഴുത്തുകാരന്‍ എന്നതിനപ്പുറത്ത് എന്താണ് ജീവിതം എന്ന പഠിപ്പിച്ച ഒരു തത്വചിന്തകനായി കൂടിയാണ് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്. ബോളീവുഡിന്റെ ചരിത്രം കൂടിയാണ് ഗ്രന്ഥകാരന്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ പലപ്പോഴും ഓര്‍മ വന്നത് വയലാറിനെയാണ്. വയലാറുമായി ഏറെ സാമ്യകകള്‍ സാഹിറിനുണ്ട്. ഇത് എഴുതിയതിന് മലയാളികള്‍ക്ക് വേണ്ടി കെ.പി.എ സമദിനോട് നന്ദി പറയുന്നതായും കാരശ്ശേരി പറഞ്ഞു.

കാരശ്ശേരിയുടെ വാക്കുകള്‍

ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ പ്രിയ സുഹൃത്ത് കെ.പി.എ സമദ് ആണ്. ഹിന്ദിയിലെ അതിപ്രസിദ്ധനായ ഗാനരചയിതാവായ സാഹിര്‍ ലുധിയാന്‍വിയെ കുറിച്ചാണ് ഈ പുസ്തകം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരു സാധാരണ ഗാനരചയിതാവായി ഗ്രന്ഥകാരന്‍ സാഹിറിനെ കാണുന്നില്ല എന്നതാണ്. പഞ്ചാബുകാരനാണ് സാഹിര്‍ ലുധിയാന്‍വി. മലയാളത്തിലെയും പല പ്രമുഖ കവികളും സിനിമാഗാനങ്ങളെഴുതിയിട്ടുണ്ട്. പക്ഷെ സിനിമഗാനങ്ങളെ ഒരു രണ്ടാംകിടയായി കാണുന്ന രീതിയാണ് നമുക്കുള്ളത്. ഒ.എന്‍.വിയുടെ കവിതകളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങളെ എത്രപേര്‍ ഓര്‍ക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഈ പുസ്തകത്തില്‍ സിനിമ ഗാനങ്ങളെ ഗ്രന്ഥകാരന്‍ വളരെ ഗൗരവമായിട്ട് കണക്കിലെടുത്തിരിക്കുന്നു എന്ന് കാണാന്‍ കഴിയും.

സാഹിറിനെ ഒരു പാട്ടെഴുത്തുകാരന്‍ എന്നതിനപ്പുറത്ത് എന്താണ് ജീവിതം എന്ന പഠിപ്പിച്ച ഒരു തത്വചിന്തകനായി കൂടിയാണ് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്. സാഹിറിന്റെ ജീവചരിത്രത്തോടൊപ്പം ബോളീവുഡിന്റെ ചരിത്രം കൂടി പറയുന്നുണ്ട് ഈ പുസ്തകം. പുസ്തകം പൂര്‍ണമായി ഉള്‍കൊള്ളുന്ന അവതാരികയാണ് വി മുസഫര്‍ അഹമ്മദ് എഴുതിയിരിക്കുന്നത്. ഗ്രന്ഥകാരന്റെ 14 വര്‍ഷത്തെ അധ്വാനമാണ് ഈ പുസ്തകം. നേരത്തെ മിര്‍സ ഗാലിബിനെ കുറിച്ച് പുസ്തകം എഴുതാനായി ഉറുദു പഠിച്ചയാളാണ് കെ.പി.എ സമദ്. എങ്ങനെയാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം രൂപം കൊള്ളുന്നതെന്നും ഉറുദു സാഹിത്യകാരന്മാര്‍ക്ക് അതിലുള്ള പങ്കെന്താണെന്നും പുസ്തകം പരിശോധിക്കുന്നു. 

പുസ്തകം വായിക്കുമ്പോള്‍ എനിക്ക് പലപ്പോഴും ഓര്‍മ വന്നത് വയലാറിനെയാണ്. വയലാറുമായി ഏറെ സാമ്യകകള്‍ സാഹിറിനുണ്ട്. വളരെ സൂക്ഷ്മതകളിലേക്ക് ഈ പുസ്തകം പലപ്പോഴും പോകുന്നുണ്ട്. വലിയ വിവരശേഖരണമാണ് ഗ്രന്ഥകാരന്‍ ഇതിനായി നടത്തിയിരിക്കുന്നത്. വിഭജനകാലത്തിന്റെ ദുരിതങ്ങള്‍ വല്ലാതെ വേട്ടയാടിയ വ്യക്തികൂടിയാണ് സാഹിര്‍. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് നമുക്കിത്തരം പുസ്തകങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ മതസമുദായങ്ങള്‍ തമ്മില്‍ ഐക്യം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് സംഗീതകാരന്മാര്‍ക്കുണ്ട്. സംഗീതം പോലെ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ മായ്ച്ച് കളയുന്ന മറ്റൊരു കലാരൂപവുമില്ല. 

sahir
പുസ്തകം വാങ്ങാം

എപ്പോഴും മനുഷ്യന്റെ ദുരിതം എവിടെയാണെന്ന് നോക്കുന്നയാളാണ് സാഹിര്‍. താജ്മഹാല്‍ കാണുമ്പോള്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ദരിദ്രന്മാര്‍ക്ക് എന്താണ് വില എന്നാണ് സാഹിര്‍ ചിന്തിച്ചത്. കാരണം സാഹിര്‍ കമ്മ്യൂണിസ്റ്റാണ്. തൊഴിലാളികളുടെ കൂടെ, ചൂഷിതരുടെ കൂടെ, ദരിദ്രരുടെ കൂടെ നില്‍ക്കുന്നയാളാണ് സാഹിര്‍. പ്രണയത്തെ കുറിച്ച് പാടുമ്പോള്‍ അത് പ്രകൃതിയില്‍ ലയിപ്പിച്ചാണ് സാഹിര്‍ പാടുന്നത്. സ്ത്രീവിരുദ്ധമായ എന്തുണ്ടെങ്കിലും അതിനെ അദ്ദേഹം എതിര്‍ത്തിരിക്കും. നമ്മുടെ ഭാഷയ്ക്ക് വലിയൊരു സംഭാവനയാണ് ഈ പുസ്തകം. ഇത് എഴുതിയതിന്റെ പേരില്‍ എല്ലാ മലയാളികള്‍ക്കും വേണ്ടി ഞാന്‍ ഗ്രന്ഥകാരനോനോട്‌ നന്ദി പറയുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി ബുക്‌സിനോടും നന്ദി പറയുന്നു.

സാഹിർ: അക്ഷരങ്ങളുടെ ആഭിചാരകൻ ഓണ്‍ലൈനില്‍ വാങ്ങാം

കെ.പി. എ. സമദ് രചിച്ച പുസ്തകങ്ങൾ വാങ്ങാം​

Content Highlighlts: sahir ludhianvi biography malayalam book release MN Karassery