‘കാര്യം വിഷമസ്ഥിതി’ കൃഷ്ണക്കുറുപ്പ് പത്രം വിറ്റുനടന്ന തെരുവിൽനിന്ന് ഇന്നത്തെ മിഠായിത്തെരുവിലേക്ക് എത്രദൂരം? അത്രതന്നെ ദൂരമുണ്ടാകും എസ്.കെ. പൊറ്റെക്കാട്ട് എന്ന കഥാകാരനിൽനിന്ന് ഇന്നത്തെ സഹൃദയരിലേക്കും. അങ്ങനെയിരിക്കെ, ‘ഒരു തെരുവിന്റെ കഥ’ എങ്ങനെ ഇന്നത്തെ ഒരു തെരുവിന്റെ കഥയാകും? ‘ഒരു തെരുവിന്റെ കഥ’യെന്ന നോവൽ നാടകമാക്കാൻ തീരുമാനിച്ചപ്പോൾ, വലിയ സാഹസത്തിനാണ് വിജയൻ വി. നായർ എന്ന സംവിധായകനും എം.കെ. രവിവർമയെന്ന നാടകകൃത്തും ചന്ദ്രകാന്തം സാംസ്കാരികവേദിയും ഒരുങ്ങിപ്പുറപ്പെട്ടത്. 

oru theruvinte kadhaപുതിയ തലമുറയ്ക്ക് എത്രത്തോളം വേണം എസ്.കെ.യെന്ന കഥാകാരനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും എന്ന ഒരന്വേഷണം കൂടിയാണ് ഈ നാടകം. അതിനെല്ലാത്തിനും ശരിയുത്തരം നൽകിക്കൊണ്ടാണ് പുതിയറക്കാർ ‘ഒരു തെരുവിന്റെ കഥ’യെന്ന നാടകത്തെ എതിരേറ്റത്. 1960-ലാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’ എന്ന നോവൽ പുറത്തിറങ്ങിയത്. അരനൂറ്റാണ്ടിലേറെക്കാലം  പല തലമുറകൾ ആ നോവൽ ആസ്വദിച്ചു. കഴിഞ്ഞവർഷമാണ് ഇത് നാടകമാക്കുന്നതിനെപ്പറ്റിയുള്ള ആലോചനകൾ തുടങ്ങിയത്.

nadan premamഅരനൂറ്റാണ്ടിനപ്പുറത്തെ മിഠായിത്തെരുവിന്റെ ജീവിതം നാടകമാക്കുമ്പോൾ വെല്ലുവിളികൾ പലതായിരുന്നു. വലിയൊരു നോവൽ. വളരെയേറെ കഥാപാത്രങ്ങൾ. എങ്ങനെ ഈ കഥാപാത്രങ്ങളെയെല്ലാം കണ്ണിചേർക്കും? ഇതിനൊക്കെയപ്പുറമുള്ളതാണ് കാലത്തിന്റെ പ്രശ്നം. ഈ പഴയ കഥയെയും കഥാപാത്രങ്ങളെയും ഇക്കാലത്തോട് വിളക്കിച്ചേർക്കുന്നതെങ്ങനെയെന്ന വലിയ ചോദ്യം.

എസ്.കെ. പൊറ്റെക്കാട്ട് എന്ന നോവലിസ്റ്റ് ജ്ഞാനപീഠമേറിയ കഥാകാരനാണ്. എന്നാൽ, മിഠായിത്തെരുവിൽ അദ്ദേഹത്തെക്കുറിച്ചൊരു ചൊല്ലുണ്ട്: ‘‘ഈ തെരുവിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തെത്താൻ നമുക്കൊക്കെ പത്തോ പതിനഞ്ചോ മിനിറ്റുമതി. എന്നാൽ, എസ്.കെ.യ്ക്ക്‌ മൂന്നര നാലു മണിക്കൂർ വേണം.’’ഓരോ മനുഷ്യരുടെയും സ്വന്തക്കാരനായ എസ്.കെ.യ്ക്ക് അവരോടെല്ലാം വർത്തമാനം പറഞ്ഞുപറഞ്ഞേ നടന്നുനീങ്ങാനാവുമായിരുന്നുള്ളൂ. തെരുവിലെ മനുഷ്യരുമായുള്ള അദ്ദേഹത്തിന്റെ ഗാഢബന്ധം വെളിപ്പെടുത്തുന്നുണ്ട് ഈ വിവരണം. 

അങ്ങനെ മനുഷ്യരെ അടുത്തറിഞ്ഞയാളായിട്ടും അദ്ദേഹം ഇപ്രകാരം ക്ഷമാപണംനടത്തിയെന്നു നമുക്കറിയാം: ‘‘അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൗതുകവസ്തുക്കൾ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാൻ.’’

എസ്.കെ.യുടെ പഴയകഥ പുതിയറയിലെ പുതിയ തലമുറയോടു പറയുമ്പോൾ ഇപ്രകാരമൊരു ക്ഷമാപണം  ആവശ്യമില്ലെന്നു തെളിയിക്കുന്നു നാടകം ഹൃദയത്തോടുചേർത്ത വലിയ സദസ്സ്. ഒരിലയനക്കംപോലും കേൾപ്പിക്കാതെയാണ് ആദ്യവസാനം സശ്രദ്ധം തെരുവിന്റെ കഥ അവർ കണ്ടുതീർത്തത്. 

സംവിധായകന്റെയും അരങ്ങിലുള്ളവരുടെയും മനമറിയുംമട്ടിലുള്ള പ്രതികരണംകൊണ്ട് അവർ അടിവരയെഴുതി: ‘‘ഞങ്ങൾക്ക് എസ്.കെ.യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും എക്കാലവും പ്രിയങ്കരർ.’’ അതിരാണിപ്പാടത്തെ കഥാപാത്രങ്ങളൊക്കെ സ്വന്തം പൂർവികരാണെന്നു തിരിച്ചറിയുന്ന കാണികളുടെ ഹൃദയാഭിവാദ്യമാണ് ഈ നാടകത്തിന്റെ ഒന്നാം രംഗാവിഷ്കാരത്തിന്റെ ബാക്കിപത്രം.

എസ്.കെ.യെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടാണ് തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളെ എങ്ങനെ കണ്ണിചേർക്കുമെന്ന പ്രശ്നം പരിഹരിക്കുന്നത്. എസ്.കെ.യുടെ വീടായ ‘ചന്ദ്രകാന്ത’വും മിഠായിത്തെരുവും കൃഷ്ണക്കുറുപ്പിന്റെ വീടും തീവണ്ടിയാപ്പീസും ഒക്കെ പശ്ചാത്തലമാകുന്നു.

നാം വായിച്ചറിഞ്ഞിട്ടുള്ള ഓമഞ്ചി ലാസറും കേളുമാഷും കൃഷ്ണക്കുറുപ്പും കുരുടൻ മുരുകനും കൂനൻ കണാരനും അപ്പുണ്ണിയും ആമിനത്താത്തയും ദേവകിയും രാധയും ജാനുവും... അങ്ങനെ എല്ലാവരും വേദിയിലെത്തുന്നു. മിഠായിത്തെരുവെന്നാണ് പേരെങ്കിലും കയ്പായിരുന്നു അവരുടെ അനുഭവങ്ങളിലേറെയും. അപ്പോഴും അവർ ചിരിക്കാൻ മറക്കുന്നില്ല, ജീവിതത്തോടുള്ള പ്രണയം കൈവിട്ടുകളയുന്നില്ല. 

പുതിയ കാലവുമായി ഈ കഥാപാത്രങ്ങളെയും എസ്.കെ.യെയും വിളക്കിച്ചേർക്കുന്നത് വളരെ സമർഥമായാണ്. ആരായിരുന്നു എസ്.കെ. എന്നു കൃത്യമായി തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങൾ ഈ നാടകത്തിൽ എമ്പാടുമുണ്ട്. കനലെരിയുന്ന മനുഷ്യന്റെ ഉള്ളംകണ്ട കഥാകാരന് ഉചിതമായ സ്മാരകമാകുന്നു ഈ നാടകം. തെരുവിന്റെ കഥയുടെ നാടകാവിഷ്കാരം അരങ്ങിലെത്തുന്നത് കാണികളെ അറിയിച്ചുകൊണ്ടാണ് ആരംഭം. എൽ.സി.ഡി. പ്രൊജക്ടറിലൂടെ ടെലിവിഷൻ വാർത്തയുടെ അവതരണശൈലിയിലാണ് ഈ തുടക്കം.

paryadanam s k pottekkattഇത്തരത്തിൽ, പുതിയ കാലത്തിന്റെ ആവിഷ്കാരസാധ്യതകൾ പരീക്ഷിക്കുന്നതോടൊപ്പം പരമ്പരാഗതരീതിയുടെ ശക്തിയും ഉൾക്കൊള്ളുന്നുണ്ട് വിജയൻ വി. നായരുടെ ഈ നൂറാം നാടകം. ഒന്നിലേറെ തലങ്ങളിലാണ് കഥാപാത്രങ്ങളുടെ വരവും പോക്കും സംഭാഷണാവതരണവും. കാണികൾക്കിടയിൽനിന്ന് വേദിയിലേക്കെത്തുന്നത് ഒരു രീതി. വേദിക്ക് സമാന്തരമായി കാണികൾക്കിടയിൽ മറ്റൊരു വേദി സൃഷ്ടിച്ച് ആവിഷ്കാരംനടത്തുന്നത് മറ്റൊന്ന്. 

എസ്.കെ.യോട് കഥകൾ പറയുംവിധത്തിലും പഴയ ചില കാര്യങ്ങൾ എസ്.കെ.യും കഥാപാത്രങ്ങളും സ്മരിക്കും വിധത്തിലും ആഖ്യാനത്തിന് പല തലങ്ങളുണ്ട്. ഇതിൽ പലപ്പോഴും മുഖ്യവേദിയെ ഫ്രീസ് ചെയ്തു നിർത്തിക്കൊണ്ട് അതിനുമുമ്പിൽ സൃഷ്ടിക്കപ്പെടുന്ന സമാന്തരവേദിയിലാണ് ഫ്ളാഷ്ബാക്ക് ദൃശ്യങ്ങൾ വരുന്നത്. ആമിനത്താത്തയുടെ കഥാകഥനം പ്രധാനവേദിയിൽത്തന്നെ പൂർണമാവുമ്പോൾ, കോൺഗ്രസ് മൊയ്തീന്റെ അവതരണവും അദ്ദേഹത്തിന്റെ അന്ത്യയാത്രയും സമാന്തരവേദിയായ പ്രേക്ഷകമധ്യത്തിലാണ് സംഭവിക്കുന്നത്. സങ്കടങ്ങളും ദുരിതങ്ങളും എത്രയുണ്ടെങ്കിലും ജീവിതത്തിലുള്ള പ്രത്യാശ ബാക്കിയാക്കിക്കൊണ്ടാണ് നാടകത്തിനു തിരശ്ശീല താഴുന്നത്. എസ്.കെ.യും കഥാപാത്രങ്ങളും കാണികളുടെ മനസ്സിൽ അനശ്വരരായി നിലനിൽക്കുന്നുവെന്നും നാടകം അടിവരയിടുന്നു.