റുത്ത വംശജനായ പിതാവിന്റെയും വെള്ളക്കാരിയായ മാതാവിന്റെയും മകൾ അഭിനേത്രിയാണോ നിർമാതാവാണോ കലാസാംസ്കാരികഗുണങ്ങളുള്ള വ്യക്തിത്വത്തിനുടമയാണോ എന്നതൊന്നും ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലെ വേലക്കാർക്കുപോലും പരിഗണനയുള്ള വിഷയങ്ങളല്ല. രാജകുമാരൻ ഹാരിയുടെ പത്നിയായി അംഗീകരിക്കാൻ മേഗനായി മാത്രമായി നിയോഗിക്കപ്പെട്ട അസിസ്റ്റന്റുമാർ പോലും തയ്യാറായിരുന്നില്ല. ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ മേഗൻ കടന്നുപോയ മാനസിക സംഘർഷത്തെയാണ് റോയൽ സ്ട്രഗ്ൾ എന്ന് അവർ തന്നെ പേരുവിളിച്ചിരിക്കുന്നത്. കറുത്ത വംശജനായ അച്ഛന്റെ മകൾക്കു ജനിക്കുന്ന കുഞ്ഞിന് നിറം കറുപ്പാകുമോ എന്ന ഭീതിയുടെ അന്തരീക്ഷം കൊട്ടാരമൊന്നാകെ നിറഞ്ഞുനിൽക്കുക,അതിസങ്കീർണമായ മാനസികസംഘർഷത്തിലൂടെ തന്റെ ഗർഭകാലം മുഴുവൻ കടന്നുപോകുക, ഇനിയഥവാ കുഞ്ഞിന് നിറം കറുപ്പാണെങ്കിൽ അവന് രാജകീയരക്തം-രാജകുമാരൻ പദവി നിഷേധിക്കപ്പെടുക...മേഗൻ സഹിച്ചത് ഭൂമിയോളമല്ലായിരുന്നു പാതാളം വരെയായിരുന്നു.വനിതാദിനത്തിൽ ബ്രിട്ടീഷ് മാധ്യമത്തിന് ഹാരിയും മേഗനും അനുവദിച്ച അഭിമുഖം പുറത്തുവിട്ടതോടെ പ്രതിച്ഛായ തകർന്നിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം.

ആദ്യമകൻ ആർച്ചി പിറന്നപ്പോൾ അവനെ സന്തോഷത്തോടെ മുലയൂട്ടുവാൻ മേഗന് കഴിഞ്ഞിരുന്നില്ല. അവർ പലപ്പോഴും കരഞ്ഞുവീർത്ത മുഖവുമായി മകനെ ലാളിച്ചു. ഹാരി തികച്ചും ജനാധിപത്യപരമായി തന്റെ ഭാര്യയുടെ സങ്കടാവസ്ഥ തിരിച്ചറിഞ്ഞു. അവർ തീരുമാനിച്ചത് ഇപ്രകാരമായിരുന്നു- കൊട്ടാരം വിടുക! സ്വസ്ഥവും സമാധാനവുമായി ജീവിക്കുക.തനിക്കൊരു പെൺകുഞ്ഞുകൂടി പിറക്കാൻ പോകുന്നു എന്ന് മേഗൻ സന്തോഷത്തോടുകൂടി പറയുമ്പോഴും മനസ്സ് അവരെ ഓർമപ്പെടുത്തുന്നത് ആദ്യഗർഭകാലയളവിലെ ആത്മഹത്യാ ചിന്തകളെക്കുറിച്ചാണ്. പിറക്കാനിരിക്കുന്ന മകന്റെ നിറമെന്താകുമെന്ന വ്യാകുലത ചുറ്റിലുമുള്ളവർ തന്നിലേക്ക് പകർത്തുമ്പോൾ ആത്മഹത്യയിൽ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചു എന്നു മേഗൻ പരസ്യമായി പറഞ്ഞത് ബക്കിങ്ഹാം കൊട്ടാരത്തെ ആകെ അപമാനത്തിലാക്കിയിരിക്കുകയാണ്.

2018-ലാണ് ഹാരി രാജകുമാരൻ മേഗനെ വിവാഹം ചെയ്യുന്നത്. മകൻ പിറന്നാൽ അവൻ രാജകുമാരനാവില്ല എന്ന കാര്യം ഹാരിയാണ് എന്നെ അറിയിച്ചത്. കൊട്ടാരത്തിൽ നിന്നും ലഭിച്ച അറിവിലായിരുന്നു ഹാരി അങ്ങനെ പറഞ്ഞത്- ഓപ്ര വിൻഫ്രിയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഗൻ തന്റെ റോയൽ സ്ട്രഗ്ൾ തുറന്നുപറഞ്ഞത്. കൊട്ടാരം വിട്ടതോടെ കൊട്ടാരം അനുവദിച്ചിരുന്ന സാമ്പത്തിക ഉറവിടങ്ങൾ റദ്ദാക്കപ്പെട്ടു.പിതാവ് ചാൾസ് രാജകുമാരൻ മകന്റെ ഫോൺകാളുകൾ എടുക്കാതെ തീർത്തും അവഗണിച്ചു. മേഗന്റെയും ഹാരിയുടെയും വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും കൊട്ടാരം ഇതുവരെ നടത്തിയിട്ടില്ല.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിൽ മേഗനും ഹാരിയും ഒരുമിച്ചാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. തങ്ങൾക്കൊരു പെൺകുഞ്ഞുകൂടി വരാനിരിക്കുന്നു എന്ന വാർത്ത വനിതാദിനത്തിൽ തന്നെ ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവെച്ചു.
2020 ജനുവരിയിലാണ് തങ്ങൾ കൊട്ടാരം വിടുകയാണെന്ന് മേഗനും ഹാരിയും ലോകത്തെ അറിയിച്ചത്. കൊട്ടാരവും ആ വേർപിരിയൽ ഔദ്യോഗികമായി അംഗീകരിച്ചു. തന്റെ പിതാവും സഹോദരൻ വില്യമും ഈ രാജകീയജീവിതത്തിന്റെ ഭ്രമത്തിന് അടിമപ്പെട്ടുപോയെന്നും അവർക്ക് സ്വകാര്യജീവിതം നഷ്ടപ്പെട്ടുവെന്നും ഹാരി അഭിപ്രായപ്പെട്ടു. ''അമ്മ ഡയാനാരാജകുമാരി ഈ റോയൽ സ്ട്രഗ്ളിൽ കുരുങ്ങിപ്പോയി. അവർ എവിടെ ചെന്നാലും നാലുപാടും ഫ്ളാഷ്ലൈറ്റുകൾ മാത്രമായിരുന്നു. സ്വകാര്യജീവിതമില്ലാത്തതിൽ കോപാകുലയായിരുന്നു പലപ്പോഴും അമ്മ''- ഹാരി പറഞ്ഞു. 1997-ൽ കാർ അപകടത്തിൽ ഡയാനരാജകുമാരി കൊല്ലപ്പെടാനുള്ള കാരണവും തന്റെ പിറകേ ഫോട്ടോയെടുക്കാൻ വരുന്നവരിൽ നിന്നും രക്ഷപ്പെടാൻ കാർ അതിവേഗത്തിൽ കുതിച്ചതാണെന്നും ഹാരി പറഞ്ഞു.

''എലിസബത്ത് രാഞ്ജിയുമായി മൂന്നു തവണയും ചാൾസ് രാജകുമാരനുമായി രണ്ടു തവണയും കൊട്ടാരം വിടുന്നതിനു മുമ്പ് സംസാരിച്ചു. നീ എഴുതുമ്പോൾ ഇതെല്ലാം ഉൾപ്പെടുത്തുമോ എന്ന ആശങ്കയാണ് അദ്ദേഹം ആവർത്തിച്ചത്. മിശ്രവംശജയായ മേഗൻ ജന്മം നൽകുന്നത് എന്റെ കുഞ്ഞിനാണെന്ന് ചിന്തിക്കാൻ കഴിയാത്ത വണ്ണം കൊട്ടാരത്തിലുള്ളവർ അന്ധരാണ്''- ഹാരി പറഞ്ഞു.

Content Highlights : Royal Struggle Meghan Markle Interview content