കേരളത്തെ ഒന്നാകെ ഉലച്ച പ്രളയത്തിന്റെ വാര്‍ഷികത്തില്‍ എത്തിയ മറ്റൊരു പ്രളയത്തെക്കൂടി അതിജീവിച്ചിരിക്കുകയാണ് കേരള ജനത. പ്രളയത്തെ നേരിടാന്‍ കേരളം ഒന്നാകെ ഒത്തു ചേര്‍ന്നപ്പോള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് രണ്ട് വട്ടവും കേരളം സാക്ഷ്യം വഹിച്ചത്. ദുരന്ത മുഖത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്നോ, രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും എങ്ങനെ നടത്തണമെന്നോ ഉള്ള മുന്‍ധാരണകളൊന്നും നമുക്കുണ്ടായിരുന്നില്ല. എങ്കിലും വിജയകരമായി തന്നെ നാം ആ അവസ്ഥയെ നേരിട്ടു. 

Rowing Between the Rooftopsരക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചവര്‍ നമ്മുടെ മത്സ്യത്തൊഴിലാളികളായിരുന്നു. ആലുവയിലും കോന്നിയിലും ചെങ്ങന്നൂരുമെല്ലാം അവര്‍ വളങ്ങളുമായി കടന്നു ചെന്നു. നമ്മള്‍ അവരെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചു. 2018 ഓഗസ്റ്റില്‍ കേരളം സാക്ഷ്യംവഹിച്ച ഭീതിദമായ വെള്ളപ്പൊക്കത്തില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍വഹിച്ച സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഡോക്യുമെന്റേഷനാണ് റെജിമോന്‍ കുട്ടപ്പന്റെ റോവിങ് ബിറ്റ്വീന്‍ ദ് റൂഫ് ടോപ്സ് (Rowing Between the Rooftops) എന്ന പുസ്തകം.

സ്വന്തം ജീവനും ഉപജീവനമാര്‍ഗവും പണയംവെച്ചുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സാഹസികവും അങ്ങേയറ്റം മാനുഷികവുമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരണത്തിലൂടെ തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവിതയാഥാര്‍ഥ്യങ്ങളും സ്വതന്ത്ര പത്രപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ പ്രതിപാദിക്കുന്നു.

കേരളം നേരിച്ച പ്രളയ അനുഭവങ്ങള്‍ മത്സ്യതൊഴിലാളികളുടെ തന്നെ വാക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുസ്തകത്തില്‍. ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോള്‍ മുതല്‍ അവര്‍ നേരിട്ട വെല്ലുവിളികള്‍, നമ്മള്‍ അറിഞ്ഞതും അറിയാതെ പോയതുമായ അവരുടെ അനുഭവങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തി വയ്ക്കുകയാണ് റെജിമോന്‍ കുട്ടപ്പന്‍. സ്പീക്കിങ് ടൈഗറാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Content Highlights: Rowing Between the Rooftops by Rejimon Kuttappan