ന്യൂയോര്‍ക്ക്: അന്ധതയെ മറികടന്ന് ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ വേദ് മേത്ത (86) അന്തരിച്ചു.
പാര്‍ക്കിന്‍സണ്‍ രോഗത്തെത്തുടര്‍ന്ന് ശനിയാഴ്ച സ്വന്തം വീട്ടിലായിരുന്നു അന്ത്യം. മേത്ത 33 വര്‍ഷം സേവനമനുഷ്ഠിച്ച 'ന്യൂയോര്‍ക്കര്‍' വാരികയാണ് മരണവിവരം പുറത്തുവിട്ടത്.
വിഭജനത്തിനുമുമ്പുള്ള ലഹോറിലെ ഒരു പഞ്ചാബികുടുംബത്തില്‍ 1934-ലാണ് മേത്ത ജനിച്ചത്. മൂന്നാംവയസ്സില്‍ മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട മേത്ത, പരിമിതികളെ മറികടന്ന് സാഹിത്യലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
ഇന്ത്യയെ സ്വന്തം കൃതികളിലൂടെ മേത്ത അമേരിക്കക്കാര്‍ക്ക് പരിചയപ്പെടുത്തി.
15-ാം വയസ്സില്‍ യു.എസിലെത്തിയ മേത്ത അര്‍ക്കെന്‍സയിലെ അന്ധര്‍ക്കായുള്ള വിദ്യാലയത്തില്‍ പഠനമാരംഭിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം എഴുത്തുജീവിതം ആരംഭിച്ചു. 1961-ല്‍ തന്റെ 26-ാം വയസ്സില്‍ വാരികയില്‍ ജോലിചെയ്തുതുടങ്ങി. വാക്കിങ് ദി ഇന്ത്യന്‍ സ്ട്രീറ്റ്‌സ് (1960), പോട്രെയിറ്റ് ഓഫ് ഇന്ത്യ (1970), മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് അപോസ്റ്റല്‍സ് (1977) എന്നിവയാണ് പ്രധാന കൃതികള്‍.
Content Highlights: Renowned writer Ved Mehta, dies at 86