പുതുച്ചേരി: തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണന്‍ (98) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സാഹിത്യ ലോകത്ത് കി രാ എന്ന പേരിലായിരുന്നു കി രാജനാരായണന്‍ അറിയപ്പെട്ടിരുന്നത്.

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ ഫോക്‌ലോര്‍ വിഭാഗത്തിലെ പ്രൊഫസറായിരുരുന്നു രാജനാരായണന്‍. ചെറുകഥകള്‍, നോവലുകള്‍, നാടോടികഥകള്‍, ലേഖനങ്ങള്‍ എന്നീ മേഖകളിലെല്ലാം അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

1991 ല്‍ ഗോപാലപുരത്ത് മക്കള്‍ എന്ന നോവലിലൂടെ സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ജന്മദേശമായ കോവില്‍പ്പെട്ടിക്ക് സമീപത്തെ ചുറ്റുമുള്ള വരള്‍ച്ച ബാധിച്ച ഭൂമിയായ കരിസാലിനെ അടിസ്ഥാനമാക്കിയ കഥകളാണ് കി രാ കൂടുതലും എഴുതിയിരുന്നത്. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരി ലഫ്റ്റണന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Content Highlights: Renowned Tamil writer K Rajanarayanan dies at 98