വടക്കാഞ്ചേരി : ആറുപതിറ്റാണ്ട് മധുരം കിനിയുന്ന കുന്നോളം കുട്ടിക്കഥകള്‍ മൂന്നുതലമുറകള്‍ക്ക് വിഭവസമൃദ്ധവായനയ്ക്കായി സമ്മാനിച്ചാണ് സുമംഗല മുത്തശ്ശി വിടവാങ്ങിയത്.

മൂന്നുമാസംമുന്നെ ചെറിയ വീഴ്ചയെത്തുടര്‍ന്ന് കിടപ്പിലായ അവരുടെ മനസ്സിനെ ഹരിതമാക്കിയത് ദിവസവും എട്ടുമണിക്കൂര്‍വരെ നീളുന്ന വായന. കണ്ണടയുടെ സഹായമില്ലാതെയായിരുന്നു ഈ വായന.

വായനയ്ക്കാവശ്യമായ പുസ്തകങ്ങള്‍ വടക്കാഞ്ചേരി പബ്ലിക് ലൈബ്രറിയില്‍നിന്ന് ലൈബ്രേറിയന്‍മാര്‍ വീട്ടിലെത്തിച്ചുകൊടുക്കും. ലൈബ്രറിയുടെ വനിതാവേദി അധ്യക്ഷകൂടിയാണ് സുമംഗല. തനിക്ക് സൗജന്യമായി ലഭിക്കുന്ന പുസ്തകങ്ങളെല്ലാം തിരിച്ച് ലൈബ്രറിക്കും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കൈമാറും. ദിവസവും രാവിലെ പത്രവും കാലികപ്രസിദ്ധീകരണങ്ങളും വായിക്കും.

ഒളപ്പമണ്ണ മനയിലെ കുട്ടിക്കാലത്ത് പുസ്തകങ്ങളായിരുന്നു കളിപ്പാട്ടം. അച്ഛന്‍ വേദപണ്ഡിതനായിരുന്ന ഒ.എം.സി. നമ്പൂതിരിപ്പാടിന് സ്വന്തമായി ഗ്രന്ഥശേഖരമുണ്ടായിരുന്നു. വള്ളത്തോളും ഒളപ്പമണ്ണയും വീട്ടിലെത്തി പതിവുള്ള സാഹിത്യചര്‍ച്ചകളും അവരെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.

സുമംഗലയുടെ നിരവധി പുസ്തകങ്ങള്‍ 'മാതൃഭൂമി' ഉള്‍പ്പെടെ പ്രധാന പ്രസാധകരെല്ലാം വായനക്കാരിലെത്തിച്ചു. മാതൃഭൂമിയെ എന്നും ഹൃദയപക്ഷത്തുചേര്‍ത്തുനിര്‍ത്തി. സുമംഗലയെ ശ്രദ്ധേയമാക്കിയ പഞ്ചതന്ത്രം പുനരാഖ്യാനം 30-ലധികം പതിപ്പുകള്‍ ഇറങ്ങി.

അമേരിക്കയിലെ സ്മിത്ത് ഡോണ്‍ലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ആശ്ചര്യചൂഢാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിനുപുറമെ, നാഷണല്‍ ബുക്ക് ട്രസ്റ്റിനുവേണ്ടി നിരവധി ബാലസാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റംചെയ്തു. അന്തര്‍ജനങ്ങളും ആചാരങ്ങളും എന്ന പഠനകൃതി, കുട്ടികള്‍ക്കൊരു വിജ്ഞാനകോശം(ആറു വാള്യം), പച്ചമലയാളം നിഘണ്ടു, പഴഞ്ചൊല്ല് നിഘണ്ടു, ശൈലി നിഘണ്ടു, പുരാണ നിഘണ്ടു, തിരഞ്ഞെടുത്ത പുരാണ കഥാസാഗരം എന്നിവയും എഴുതി.

അനുശോചിച്ചു

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് എഴുത്തില്‍ ലളിതവും ശുദ്ധവുമായ ഭാഷ നിലനിര്‍ത്തിയിരുന്ന ആളായിരുന്നു സുമംഗലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരാളം പുരാണകൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ. കെ.പി. മോഹനനും അനുശോചിച്ചു.

സുമംഗലയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Renowned children's literature author sumangala life and literature