വാഴൂര്‍: എല്ലാമാസവും വീട്ടുചെലവുകള്‍ക്കൊപ്പം സലിംകുമാര്‍ രണ്ടായിരം രൂപ മാറ്റിവെയ്ക്കും. പത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങാന്‍. മൂന്നു പതിറ്റാണ്ട് കൊണ്ട് വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ പതിനായിരത്തോളം വരും. പുസ്തകങ്ങള്‍ അലമാരകളിലും സ്റ്റാന്‍ഡുകളിലുമായി അടുക്കി സൂക്ഷിക്കുന്നു.

പുസ്തകം വായിക്കാതെ വാഴൂര്‍ കരിനാട്ട് കെ.സി.സലിംകുമാര്‍ (49) എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഒരു ദിവസം കഴിഞ്ഞുപോകില്ല. കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എ.എസ്.ഐ.യാണ് സലിംകുമാര്‍. ചെറുപ്പം മുതല്‍ നാട്ടിലെ വായനശാലകളില്‍നിന്ന് പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്നത് ശീലമായിരുന്നു.

വാഴൂര്‍ കോളേജില്‍ എത്തിയതോടെ ലൈബ്രറിയില്‍ നിന്നു കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളോടായിരുന്നു ഏറ്റവും താത്പര്യം. ബഷീറിന്റെയും പദ്മരാജന്റെയും ഒ.വി.വിജയന്റെയും തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങി. പുസ്തകശാലകളിലും മേളകളിലും സലിം എത്തും.

വായനയോടുള്ള താത്പര്യം സലീമിനെ എഴുത്തുകാരനും കവിയുമൊക്കെയാക്കി. ലഹരി ഉപയോഗവും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ 'ഉണ്ണിക്കുട്ടന്‍ കഥ പറയുന്നു' എന്ന പേരില്‍ ചെറുകഥാപുസ്തകവും തയ്യാറാക്കി. കേരള പോലീസിന്റെ മുഖപത്രമായ കാവല്‍ കൈരളിയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. രാത്രി അത്താഴം കഴിഞ്ഞാല്‍ രണ്ടുമണിക്കൂറെങ്കിലും പുസ്തകം വായിക്കും.

ഇതാണ് വര്‍ഷങ്ങളായി തുടരുന്ന ശീലം. ജോലിക്ക് പോകുമ്പോഴും യാത്രപോകുമ്പോഴും ബാഗിനുള്ളില്‍ ഒന്നും രണ്ടും പുസ്തകങ്ങളോ പ്രസിദ്ധീകരണങ്ങളോ ഉണ്ടാകും. ഒഴിവുസമയം കിട്ടിയാല്‍ വായിക്കും. ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡന്റുകൂടിയാണ് സലിംകുമാര്‍.

ഭര്‍ത്താവിന്റെ ശീലം പിന്തുടര്‍ന്ന് ഭാര്യ സജിനിയും ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്.

Content Highlights: police officer, Reading life, Books