കോഴിക്കോട്: വലിയ കലാകാരന്മാര്‍ക്കും അഭിനേതാക്കള്‍ക്കും ഒപ്പംനില്‍ക്കാന്‍ തന്നെ പ്രാപ്തനാക്കിയത് വായനയാണെന്ന് നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസിക്കാന്‍ പ്രയാസമുള്ള നിമിഷങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. എന്റെ ജീവിതസാഹചര്യങ്ങളാണ് അങ്ങനെ ചിന്തിക്കാന്‍ കാരണമാവുന്നത്. ചെറുപ്പത്തിലേ കോസ്റ്റ്യൂം ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു. അതുകൊണ്ട് പഠിക്കാനൊന്നും കഴിഞ്ഞില്ല. അക്ഷരമില്ലാത്തതിന്റെ ഇരുട്ടുമായാണ് തൊഴിലിലേക്ക് കടന്നുവന്നത്.

മുകുന്ദന്‍സാറിനെപ്പോലുള്ളവരുടെ പുസ്തകങ്ങള്‍ തപ്പിത്തപ്പിത്തടഞ്ഞാണെങ്കിലും വായിച്ചിരുന്നു. അങ്ങനെ വായനയാണ് കൂട്ടുകാര്‍ക്കൊപ്പം ഒരുവിധം നിവര്‍ന്നുനില്‍ക്കാന്‍ ശക്തിയുണ്ടാക്കിയത് -ഇന്ദ്രന്‍സ് പറഞ്ഞു.

മേയര്‍ ബീനാ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനംചെയ്തു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത അതുല്യകലാകാരനാണ് ഇന്ദ്രന്‍സെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷതവഹിച്ച രാമാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ എം. മുകുന്ദന്‍ പുരസ്‌കാരം ഇന്ദ്രന്‍സിന് സമര്‍പ്പിച്ചു.

എം.എ. ഉണ്ണികൃഷ്ണന്‍ പ്രശസ്തിപത്രം വായിച്ചു. ഡോ. ഖദീജാ മുംതാസ്, സംവിധായകന്‍ എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. മാനേജിങ് ട്രസ്റ്റി ശിഷന്‍ ഉണ്ണീരിക്കുട്ടി സ്വാഗതവും എ. അഭിലാഷ് ശങ്കര്‍ നന്ദിയും പറഞ്ഞു.