താജ്മഹല്‍ പ്രശ്‌നം കുത്തിപ്പൊക്കുന്നതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്ന് ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍. ബാബറി മസ്ജിദ്‌ പ്രശ്‌നം പോലെ താജ്മഹല്‍ വിവാദവും ദേശീയവത്കരിച്ച് കലാപം ഉണ്ടാക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

ഖബറുകള്‍ പൊളിച്ചുമാറ്റി താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് ശില ലിംഗാരാധനയ്ക്ക് തുറന്നുകിട്ടണമെന്ന ആവശ്യവുമായി പുരുഷോത്തം നാഗേഷ് ഓക്ക് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം കോടതിയിലെത്തുന്നത്. പക്ഷേ 2000-ലത് കോടതി തള്ളിയെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യാ ചരിത്രം തിരുത്തി എഴുതാനായി ഓക്ക് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീടൊരു കേസുകൊടുത്തു. ആ കേസിലന്നാവശ്യപ്പെട്ടത് ആര്‍ക്കിയോളജി വകുപ്പിനോട് താജ്മഹലിനകത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ ബോര്‍ഡുകളും നീക്കാനും നാലു നിലകളിലായി പൂട്ടിയിട്ടിരിക്കുന്ന 22 മുറികളെല്ലാം തുറക്കാനും ആ മുറികളെ മറച്ചുകൊണ്ടുള്ള  ഇഷ്ടികച്ചുമരു നീക്കാനും അവിടെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിഗ്രഹങ്ങളും ലിഖിതങ്ങളും പുറത്തെടുക്കാന്‍ ഉത്തരവിടാനും തുടര്‍ന്ന് താജ്മഹലിനെ തേജോ മഹാലയ എന്ന ശിവക്ഷേത്രമായി പ്രഖ്യാപിക്കാനുമായിരുന്നു. 

ഈ പ്രശ്‌നം പരിശോധിച്ച അലഹബാദ് ഹൈക്കോടതി 2005-ലെ വിധിന്യായത്തില്‍ ഈ ആവശ്യങ്ങളെല്ലാം അബദ്ധ ജടില ധാരണകളുടെ അടിസ്ഥാനത്തിലും അധാര്‍മികവും യുക്തിഹീനവും ആണെന്ന് വ്യക്തമാക്കി. അതോടെ ഓക്ക് നിശബ്ദനായെന്നും രാജന്‍ ഗുരുക്കള്‍ ലേഖനത്തില്‍ പറയുന്നു.