ന്യൂഡല്‍ഹി: ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക് 2015ലെ ജ്ഞാനപീഠ പുരസ്‌കാരം. നോവല്‍ത്രയമായ ഉപര്‍വസാണ് രഘുവീര്‍ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. കവിയായി എഴുത്തുജീവിതം തുടങ്ങിയ രഘുവീര്‍ പിന്നീട് ഗദ്യത്തിലേക്കും തിരിയുകയായിരുന്നു. എണ്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഗുജറാത്ത് സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്ന രഘുവീര്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ രൂപം കൊണ്ട് നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. 1998-ല്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിച്ച അദ്ദേഹം ഗുജറാത്തിലെ ഒട്ടേറെ ദിനപത്രങ്ങളില്‍ കോളമിസ്റ്റാണ്.
ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന 51-ാമത്തെ എഴുത്തുകാരനാണ് രഘുവീര്‍ ചൗധരി. നംവര്‍ സിംഗ് അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയില്‍ ഷമീം ഹനീഫി, ഹരീഷ് ത്രിവേദി, സുരഞ്ജന്‍ ദാസ്, രമാകാന്ത് രഥ്, ചന്ദ്രകാന്ത് പാട്ടീല്‍, അലോക് റായ്, ദിനേശ് മിശ്ര, ലീലാധര്‍ മണ്ഡലോയ് എന്നിവരും അംഗങ്ങളായിരുന്നു.