ന്യൂഡല്‍ഹി: രബീന്ദ്രനാഥ ടാഗോര്‍ സാഹിത്യ പുരസ്‌കാരം 2021, 2022 വര്‍ഷങ്ങളില്‍ ഒരുമിച്ച് നല്‍കുമെന്ന് രബീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാര സമിതി അധ്യക്ഷനും പ്രസാധകനുമായ പീറ്റര്‍ ബണ്ടലോ പറഞ്ഞു.  പുരസ്‌കാര കമ്മറ്റിയും ജഡ്ജിങ് പാനലും ഒരുമിച്ചു നടത്തിയ കൂടിയാലോചനയ്ക്കുശേഷമാണ് രണ്ടുവര്‍ഷത്തെയും അവാര്‍ഡുകള്‍ ഒരുമിച്ച് നല്‍കാം എന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യം നേരിട്ട കോവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം പുരസ്‌കാര കമ്മറ്റി കൈക്കൊണ്ടത്. 

''കോവിഡ് കാലം പുസ്തക പ്രസാധനത്തെയും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനെയും സാരമായി ബാധിച്ചു. എന്നിരുന്നാലും വര്‍ഷാവര്‍ഷം നടത്തിവരുന്ന പുരസ്‌കാരദാനത്തെ മാറ്റിനിര്‍ത്താന്‍ പറ്റില്ല. അതിനാല്‍ത്തന്നെ അതത് വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍ക്ക് ഒരുമിച്ച് ഒരു ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരം നല്‍കുക. 2022 ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക''- രബീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരസമിതി അറിയിച്ചു. 

ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് നോവല്‍, ചെറുകഥ, കവിത, നാടകം എന്നീ മേഖലകളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ഥം നല്‍കി വരുന്ന പുരസ്‌കാരമാണ് ഇത്. ഇന്ത്യയിലെ ഏതുഭാഷകളില്‍ നിന്നുള്ള കൃതികളും അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതാണ്. പക്ഷേ മൂലകൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം എന്നുമാത്രം. 2018-ല്‍ അമേരിക്ക ആസ്ഥാനമായിട്ടുള്ള സ്വതന്ത്രലാഭരഹിത പ്രസാധക കമ്പനിയായ മൈത്രേയ പബ്ലിഷിങ് ഫൗണ്ടേഷനാണ് രബീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം നല്‍കിവരുന്നത്. സാഹിത്യത്തിനുപുറമേ ലോകസമാധാനം, ചിത്രകല, വിദ്യാഭ്യാസം, മനുഷ്യാവകാശം എന്നീ മേഖലകളിലും സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റുമായ രാജ് കമല്‍ ഝാ ആണ് അവസാനമായി (2020) രബീന്ദ്രനാഥ് ടാഗോര്‍ സാഹിത്യ പുരസ്‌കാരം നേടിയത്. അദ്ദേഹത്തിന്റെ ദ സിറ്റി ആന്‍ഡ് ദ സീ എന്ന നോവലിനായിരുന്നു പുരസ്‌കാരം. 

Content Highlights :Rabindranath Tagore Literary Prize to be merged for year 2021 2022 Organisers