ഡോ. റൊണാൾഡ് ഇ. ആഷറുമൊത്ത് രചിച്ച 'മലയാളം' എന്ന വ്യാകരണ ഗ്രന്ഥവുമായി ടി.സി.കുമാരി. | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: 89-ാം വയസ്സില്‍ ജീവിതത്തിലെ ആദ്യ അഭിമുഖത്തിനിരിക്കുമ്പോള്‍ ഒരേസമയം സന്തോഷവും ദുഃഖവുമുണ്ട്. പ്രിയപ്പെട്ട ഗുരുവിന്റെ സ്മരണകള്‍ പങ്കിടാനാകുന്നു എന്നതാണ് സന്തോഷത്തിനു കാരണം. പക്ഷേ, അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിനു പിന്നാലെയാണ് ഇക്കാര്യങ്ങള്‍ പങ്കിടാനാകുന്നത് എന്നതില്‍ സങ്കടവുമുണ്ട്. തൃശ്ശൂര്‍ കേരളവര്‍മ കോളേജ് റോഡിലെ 'ഉമാരാമം' എന്ന വീട്ടിലിരുന്ന് ടി.സി. കുമാരി പറഞ്ഞു.
'സയന്‍സ് ഇഷ്ടപ്പെട്ടിട്ടും ഭാഷ പഠിക്കാന്‍ പോയ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ, വിരമിക്കാന്‍ വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഡോക്ടറേറ്റിന് ശ്രമിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളുടെ വ്യാകരണശാസ്ത്രത്തിന്റെ താരതമ്യപഠനമായിരുന്നു വിഷയം. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫ. എസ്. വേലായുധന് കീഴില്‍ ഗവേഷണം.
സര്‍വീസില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹമെന്നെ ഒരു നിയോഗമേല്പ്പിച്ചു. അപ്രതീക്ഷിതമായി കൈവന്നൊരു ഭാഗ്യമായതിനെ ഞാന്‍ കാണുന്നു'. 'ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ. ആഷറോടൊപ്പം വ്യാകരണഗ്രന്ഥം രചിക്കുക എന്നതായിരുന്നു ആ നിയോഗം'. 'അവിടെയൊരു ഗുരുശിഷ്യ ബന്ധത്തിനുകൂടി തുടക്കംകുറിക്കുകയായിരുന്നു.
ആഷറുടെ വ്യാകരണമെന്ന് പ്രശസ്തമായ 'മലയാളം' എന്ന ഗ്രന്ഥത്തിന്റെ ആദ്യപതിപ്പ് 1997-ല്‍ പുറത്തിറങ്ങി. ആദ്യപതിപ്പിന്റെ വില 8000 രൂപയായിരുന്നു -കുമാരിടീച്ചര്‍ ഓര്‍ക്കുന്നു. ഗ്രന്ഥരചനയില്‍ മലയാള ഭാഷയില്‍നിന്നുള്ള വിവരദാതാവായിരുന്നു ടി.സി. കുമാരി. ബെര്‍നാര്‍ഡ് ക്രോമി ജനറല്‍ എഡിറ്ററായിട്ടുള്ള വിവരണാത്മക വ്യാകരണപരമ്പരയുടെ ഭാഗമായുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് പ്രശസ്ത പ്രസാധകരായ റോട്ട്ലഡ്ജാണ്.
'രചനാവേളയിലെല്ലാം അദ്ദേഹം ഓര്‍മിപ്പിച്ചു, എനിക്കു വേണ്ടത് ഉദാഹരണങ്ങളാണ്. കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ പ്രചാരത്തിലാകാത്ത കാലം ചെറിയ ചെറിയ ഭാഗങ്ങളിലായി എഴുതിത്തയ്യാറാക്കുന്ന കുറിപ്പുകള്‍ സ്പീഡ് പോസ്റ്റിലയയ്ക്കും. 10 ദിവസമെടുക്കും അത് അദ്ദേഹത്തിനടുത്തെത്താന്‍. തിരുത്തലിനായി അയച്ചുതരുന്ന കോപ്പികള്‍ തിരുത്തി ഫാക്സ് ചെയ്യും. എപ്പോഴും ശിഷ്യയെപ്പോലെ അദ്ദേഹം എന്നോടിടപെട്ടു.
ഒരേയൊരു പ്രാവശ്യം ഫോണില്‍ വിളിച്ചു. എഴുതി ബോധിപ്പിക്കാനാകാത്ത കാര്യം സംഭാഷണത്തിലൂടെ അദ്ദേഹത്തെ അറിയിക്കാന്‍- കുമാരി ടീച്ചര്‍ പറഞ്ഞു.
തൃശ്ശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ ഫെലോഷിപ്പ് വാങ്ങാന്‍ ആര്.ഇ. ആഷറെത്തിയത് ഓര്‍ക്കുന്നു. അന്നദ്ദേഹത്തെ പരിചയപ്പെട്ടിരുന്നില്ല. പിന്നീട് എം.ജി. സര്വകലാശാലയില്വെച്ചും തിരൂരില്വെച്ചും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്.
പുസ്തകം പ്രസിദ്ധീകരിച്ച ശേഷവും റോണ്‍ എന്ന കൈയൊപ്പിലുള്ള കത്ത് എനിക്ക് ലഭിച്ചിരുന്നു. രണ്ടു വര്ഷംമുന്പ് വിഷുവിന് വന്ന ആശംസയാണ് ഏറ്റവുമൊടുവില്‍ ലഭിച്ചത്. വീട്ടിലുള്ള ഒരാളെ നഷ്ടപ്പെട്ട സങ്കടമാണ് അദ്ദേഹത്തിന്റെ വിയോഗം എനിക്ക് പകരുന്നത് -ടി.സി. കുമാരി ആദ്യ അഭിമുഖം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു.
Content Highlights: R E Asher, Book named Malayalam, T C Kumari, Thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..