കുമരനല്ലൂര്‍ (പാലക്കാട്): വാക്കുകളിലൂടെ അനശ്വരരായി മാറിയ എഴുത്തുകാരുടെ സ്മരണകളെ സാക്ഷിയാക്കി ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ 2020-ലെ പുതൂര്‍ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.

അക്കിത്തത്തിന്റെ കുമരനല്ലൂര്‍ 'ദേവായനം' വീട്ടില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി.യാണ് ബഹുമതി സമ്മാനിച്ചത്. അക്കിത്തത്തിന്റെ കവിതകളെക്കുറിച്ചറിഞ്ഞുതുടങ്ങുന്നത് അച്ഛനിലൂടെയാണെന്ന് ശ്രേയാംസ് കുമാര്‍ അനുസ്മരിച്ചു. ഉണ്ണിക്കൃഷ്ണന്‍ പുതൂരും എം.പി. വീരേന്ദ്രകുമാറും മഹാകവി അക്കിത്തവും മാനസിക അടുപ്പമുള്ളവരായിരുന്നു. സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ എഴുത്തുകാരുടെ മാനസിക ഇഴയടുപ്പത്തിന്റെ പൊതുധാര സാഹിത്യമായിരുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സമസ്തകേരള സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണന്‍ ആദരഭാഷണം നടത്തി. ഷാജു പുതൂര്‍, നാരായണന്‍ അക്കിത്തം എന്നിവര്‍ സംസാരിച്ചു.

Content Highlights: Puthur Award Akkitham Achuthan Namboothiri