ഗുരുവായൂര്‍: പുതൂര്‍ ഉണ്ണികൃഷ്ണന്‍ സ്മാരകപുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. സമ്മാനിച്ചു. പുതൂരുമായി തലമുറകളുടെ ബന്ധമാണുള്ളതെന്നും തന്റെ പിതാവ് എം.പി. വീരേന്ദ്രകുമാറിനെ എഴുത്തുകാരനാക്കിയതില്‍ അദ്ദേഹത്തിന് വലിയ പങ്കാണുള്ളതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. തലമുറകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച പാട്ടുകളുടെ ശില്പിയാണ് ശ്രീകുമാരന്‍ തമ്പിയെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

11,111 രൂപയും വെങ്കലശില്പവും അടങ്ങിയ പുരസ്‌കാരമാണ് സമ്മാനിച്ചത്. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നടന്‍ ജയരാജ്വാര്യര്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ആലപിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അധ്യക്ഷനായി.

പുതൂരിന്റെ 'ഓര്‍മച്ചിന്തുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറേലി ഏറ്റുവാങ്ങി. പുതൂര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഷാജു പുതൂര്‍, ഡോ. രശ്മി, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. നെറ്റിയില്‍ കളഭം തൊട്ട വിപ്ലവകാരിയാണ് പുതൂരെന്ന് ശ്രീകുമാരന്‍ തമ്പി മറുപടിപ്രസംഗത്തില്‍ പറഞ്ഞു.

Content Highlights :Puthoor memorial award goes to Sreekumaran Thampi