കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ള പകരംവെക്കാന്‍ കഴിയാത്ത എഴുത്തുകാരനായിരുന്നുവെന്നും ഒരേ ജീവിതത്തില്‍ത്തന്നെ പലജീവിതം നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യയൗവനത്തിന്റെ പ്രതീകമായ അദ്ദേഹം എഴുത്തിലും ജീവിതത്തിലും സൗഹൃദങ്ങളിലും നാട്യമോ കാപട്യമോ ഇല്ലാത്ത കഥാകൃത്തായിരുന്നു. സര്‍ഗാത്മകതയും ക്രിയാത്മകതയും ആ പ്രതിഭയില്‍ സമന്വയിച്ചു. കഥയെഴുതിയ കലാപകാരിയെന്നോ , തന്റെ എഴുത്തിനേക്കാള്‍ വളര്‍ന്ന വികൃതിയായ എഴുത്തുകാരന്‍ എന്നോ അദ്ദേഹത്തെ വിളിക്കാം. പുനത്തിലിന്റെ സംഭാവനകളെക്കുറിച്ച് പഠനങ്ങളുണ്ടാവണമെന്നും അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിര്‍ത്താന്‍ ശ്രമമുണ്ടാവണമെന്നും എം. മുകുന്ദന്‍ പറഞ്ഞു. ഡോ. എ.കെ. അബ്ദുള്‍ ഹക്കീം അധ്യക്ഷനായി.

സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ഖദീജ മുംതാസ്, കെ.വി. ശശി, പ്രൊഫ. പി. ജയചന്ദ്രന്‍, പി. രാജന്‍, സി.പി. അബൂബക്കര്‍, ലിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights : Punathil Kunjabdulla Remembrance by M Mukundan