മൈസൂരു: സാമൂഹികവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ച മൈസൂരുവിലെ കൂലിത്തൊഴിലാളിയുടെ ഗ്രന്ഥശാല പുനര്‍നിര്‍മിക്കാന്‍ സഹായ പ്രവാഹം. പുസ്തകങ്ങളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞാണ് നാനാതുറകളിലുള്ളവര്‍ സഹായഹസ്തവുമായി രംഗത്തുവന്നത്.

പുതിയ ഗ്രന്ഥശാല തുടങ്ങാനായി ഇതിനകം 860-ലധികം പേരില്‍നിന്നായി 14 ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. ഇതോടെ വൈകാതെ തന്റെ ഗ്രന്ഥശാലയ്ക്ക് പുനര്‍ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വയോധികനായ ഈ കൂലിത്തൊഴിലാളി.

നഗരത്തിലെ രാജീവ്നഗര്‍ നിവാസിയായ 62-കാരന്‍ സെയ്ദ് ഇസാഖിന്റെ 11,000-ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയാണ് വെള്ളിയാഴ്ച അര്‍ധരാത്രി കത്തിനശിച്ചത്. വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സെയ്ദ് സമൂഹത്തിന് പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2011-ല്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ഗ്രന്ഥശാല ആരംഭിച്ചത്.

പാര്‍ക്ക് പരിസരത്തെ ഷെഡിലായിരുന്നു ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഭഗവത്ഗീത, ബൈബിള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും ഗ്രന്ഥശാലയില്‍ വായനക്കാര്‍ക്കായി സൂക്ഷിച്ചിരുന്നു. ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഉര്‍ദു തുടങ്ങിയ ഭാഷകളിലുള്ള 18 ദിനപത്രങ്ങളും ലഭ്യമായിരുന്നു.

കഴിഞ്ഞ 10 വര്‍ഷം പരിപാലിച്ച ഗ്രന്ഥശാല കത്തിനശിച്ചതിന്റെ ദുഃഖം സെയ്ദിന് വിട്ടുമാറിയിട്ടില്ല. ലോകത്തിലെ ഏറ്റവും മഹത്തായത് അറിവാണ്. നന്മമാത്രം ചെയ്യുന്നതാണ് പുസ്തകങ്ങള്‍. ഗ്രന്ഥശാലയ്ക്ക് പകരം എന്റെ കുടുംബത്തെ ആക്രമികള്‍ക്ക് ലക്ഷ്യമിടാമായിരുന്നു''- സെയ്ദിന്റെ വാക്കുകള്‍.

കൂലിപ്പണിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് മാസം 6000 രൂപ ഗ്രന്ഥശാലയുടെ നടത്തിപ്പിനായി നീക്കിവെക്കാറുണ്ടായിരുന്നു. പ്രതിദിനം 150-ഓളം പേരാണ് ഇവിടെയെത്തിയിരുന്നത്.പുതിയ ഗ്രന്ഥശാല സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് സെയ്ദ് കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഗ്രന്ഥശാലയ്ക്കു തീയിട്ടതിനെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാര്‍, മൈസൂരു എം.പി. പ്രതാപസിംഹ എന്നിവര്‍ അപലപിച്ചു. സംഭവത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജാറാം മോഹന്‍ റോയി ലൈബ്രറി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൈസൂരു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Content Highlights: Public donations to help rebuild Ishaq's library in Mysuru