കൊച്ചി: വല്ലാത്തൊരു കാലമായിരുന്നു അത്... സാഹിത്യവും രാഷ്ട്രീയവുമെല്ലാം ചെറുപ്പക്കാരുടെ സിരകളില്‍ അലിഞ്ഞുചേര്‍ന്ന, അക്ഷരങ്ങളെ സ്‌നേഹിച്ച, വായന പൂത്തുലഞ്ഞ കാലം... അക്കാലത്ത് എറണാകുളം എം.ജി. റോഡില്‍ എസ്.ആര്‍.വി. സ്‌കൂളിനടുത്ത് വിദ്യാര്‍ഥികള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ക്ലബ്ബുണ്ടായിരുന്നു - ഫ്രണ്ട്സ് ക്ലബ്ബ്. 1956-ല്‍ അവര്‍ പുറത്തിറക്കിയ കൈയെഴുത്തു മാസിക ഇന്നും നിധി പോലെ സൂക്ഷിക്കുകയാണ് എന്‍സൈന്‍ സുകുമാരന്‍ എന്ന പി.എസ്. സുകുമാരന്‍. കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ അമരക്കാരനായ സുകുമാരന്‍ അന്ന് 'ആര്‍ട്ടിസ്റ്റ് സുകു'. കൈയെഴുത്തു മാസിക എഴുതിയുണ്ടാക്കിയതും ഫോട്ടോ എടുത്തതും കാരിക്കേച്ചറുകള്‍ വരച്ചതുമെല്ലാം സുകുവാണ്.
മാസികയ്ക്ക് സൃഷ്ടികള്‍ നല്‍കിയവരാരും ചെറിയ ആളുകളല്ല. വയലാര്‍ രാമവര്‍മ, വൈലോപ്പിള്ളി ശ്രീധര മേനോന്‍,ജി. ശങ്കരക്കുറുപ്പ്, എം.ആര്‍.ബി.,മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായിരുന്ന പി. നാരായണ മേനോന്‍, ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന പി.എസ്. അച്യുതന്‍ പിള്ള, 'ന്യൂസ് പേപ്പര്‍ ബോയ്' സിനിമ ഡയറക്ടര്‍ പി. രാംദാസ്, ആര്‍ട്ടിസ്റ്റ് ബാലന്‍... എന്നിങ്ങനെ പോകുന്നു എഴുത്തുകാരുടെ നിര.

ചങ്ങമ്പുഴയെക്കുറിച്ചുള്ള അനുസ്മരണ ലേഖനത്തില്‍, അദ്ദേഹത്തിന്റെ ഇടപ്പള്ളിയിലെ വീടും ഭാര്യ ശ്രീദേവിയുടേയും മൂന്നു മക്കളുടേയും പഴയ ചിത്രവുമുണ്ട്. ചങ്ങമ്പുഴയുടെ മകന്‍ ശ്രീകുമാറിന്റെ ലേഖനവും മാസികയിലുണ്ട്. ജി. ശങ്കരക്കുറുപ്പ് കവിയല്ലെന്നും ആശാന്‍ എഴുതുന്നത് ഗദ്യമെന്നും ഒക്കെയുള്ള, സാഹിത്യലോകത്തെ അന്നത്തെ സംവാദങ്ങളും താളുകളിലുണ്ട്. പനമ്പിള്ളി ഗോവിന്ദ മേനോനും പട്ടം താണുപിള്ളയും എന്‍. ശ്രീകണ്ഠന്‍ നായരും ഇ.എം.എസുമെല്ലാം കഥാപാത്രമാകുന്ന രാഷ്ട്രീയ അടിയൊഴുക്കുകളും മാസികയില്‍ വരച്ചിട്ടുണ്ട്.
എം.വി. കുറുപ്പ് ചീഫ് എഡിറ്ററായ മാസിക, 1956 മേയ് ഒമ്പതിന് പനമ്പിള്ളി ഗോവിന്ദ മേനോന്‍ പ്രകാശനം ചെയ്തു. വൈകാതെ മഹാരാജാസ് കോളേജില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍, മാസിക പ്രദര്‍ശനത്തിനു വെച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത വിഖ്യാത എഴുത്തുകാരി അമൃതപ്രീതവും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കൈയെഴുത്തു മാസികയില്‍ ഒപ്പുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസും സ്വന്തം കൈപ്പടയില്‍ ചെറുപ്പക്കാരെ അഭിനന്ദിച്ചു. ആര്‍ട്ടിസ്റ്റ് സുകു പിന്നീട് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫറായി. നഗരത്തിലെ ആദ്യത്തെ ട്രാവല്‍സ് ഉടമയായി. കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അടക്കം പല സംഘടനകളുടേയും തലപ്പത്തു വന്നു. ഫ്രണ്ട്സ് ക്ലബ്ബും കൈയെഴുത്തു മാസികയുടെ അണിയറ പ്രവര്‍ത്തനങ്ങളും ഈ 86-ാം വയസ്സിലും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
Content Highlights: PS Sukumaran Memories about his magazine published in 1956