തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ പ്രഭാവര്‍മ്മയ്ക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

പ്രൊഫ. സി.ജി. രാജഗോപാല്‍, ഡോ. എം.എം. വാസുദേവന്‍ പിള്ള, ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അദ്ദേഹത്തിന്റെ 'ശ്യാമമാധവം' എന്ന ഖണ്ഡകാവ്യത്തെ ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ മലയാള ഭാഷയ്ക്ക് ലഭിച്ച ഏറ്റവും മികച്ച സംഭാവനകളില്‍ ഒന്നായി പരിഗണിക്കേണ്ടതാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി.

കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ് പ്രഭാവര്‍മ്മ. അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013 ലെ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 

കേരളാ മുഖ്യമന്ത്രിയുടെ ഓഫീസും പുരസ്‌കാര നേട്ടത്തില്‍ പ്രഭാ വര്‍മ്മയെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അഭിനന്ദനം.