മോന ഖ്വിംബി, ഹെന്റി ഹഗ്ഗിൻസ് എന്നീ കഥാപാത്രങ്ങളിലൂടെ കുട്ടികളുടെ സാധാരണ ജീവിതവും വൈകാരികതയും കഥകളിലൂടെ പറഞ്ഞ അമേരിക്കൻ ബാലസാഹിത്യകാരി ബിവേലി ക്ലാരി നൂറ്റിനാലാം വയസ്സിൽ തന്റെ വസതിയിൽ വെച്ച് അന്തരിച്ചതായി അമേരിക്കൻ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. തന്റെ നാൽപതോളം കൃതികളിൽ പ്രധാന കഥാപാത്രങ്ങളായി റമോന ഖ്വിംബിയെയും ഹെന്റി ഹഗ്ഗിൻസിനെയും പ്രതിഷ്ഠിച്ച ബിവേലി പറഞ്ഞതത്രയും സമകാലികലോകത്തെ കുട്ടികളുടെ ജീവിതാനുഭവങ്ങളായിരുന്നു. 'തങ്ങളെപ്പോലുള്ള കുട്ടികളെ കണ്ടെത്തി അവതരിപ്പിച്ച ബിവേലി' എന്നായിരുന്നു അക്കാലത്തെ അമേരിക്കൻ സ്കൂൾ അടിപിടിസംഘത്തിലെ കുട്ടിത്തലവന്മാർ എഴുത്തുകാരിയെ വിശേഷിപ്പിച്ചിരുന്നത്.

അതിമാനുഷികത്വമുള്ളതോ, അസാധാരണത്വമുള്ളതോ, മാന്ത്രികവിദ്യകൾ അറിയാവുന്നവരോ ആയ സൂപ്പർകുട്ടിക്കഥാപാത്രങ്ങളെ തീർത്തും മാറ്റി നിർത്തിക്കൊണ്ട് അതത് സമൂഹത്തിലെ കുട്ടികളെ അവതരിപ്പിക്കുക വഴി ഓരോ കുട്ടിയുടെയും ജീവിതത്തിലേക്കായിരുന്നു എഴുത്തുകാരി നടന്നുകയറിയിരുന്നത്. അതുതന്നെയായിരുന്നു ബിവേലിയുടെ വിജയവും. വളരെ ബൃഹത്തായ ഒരു പുസ്തകശേഖരത്തിന്റെ ഉടമയായിരുന്ന ബിവേലി തന്റെ വായനാനുഭവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ എഴുത്തിനെ സമീപിച്ച വ്യക്തിത്വം കൂടിയായിരുന്നു.

Content Highlights: Popular childrens book author Beverly Cleary dies at 104