ണ്ടുപഠിച്ച ചുവടും കേട്ട് പഠിച്ച പാട്ടും കൊണ്ടുനടക്കുകയാണ് എഴുപത്തിയേഴാം വയസ്സിലും മയ്യിച്ച പി.ഗോവിന്ദന്‍ എന്ന പൂരക്കളിക്കലാകാരന്‍. ഏഴാം വയസ്സില്‍ തുടങ്ങിയതാണ് പൂരക്കളിയോടുള്ള ഭ്രമം. അച്ഛന്‍ അമ്പാടി മയ്യിച്ച-വയല്‍ക്കര ഭഗവതി ക്ഷേത്രത്തിലെ അന്തിത്തിരിയനായിരുന്നു. അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ കളിപ്പന്തലിലെത്തി. പഴയകാലത്ത് കളരി, മലക്കം എന്നിവ പൂരക്കളിയുടെ ഭാഗമായിരുന്നു. അതിനാല്‍ ചെറുവപ്രായത്തില്‍ തന്നെ കളരി അഭ്യസിച്ച് അടവുകളും മലക്കവും വശത്താക്കി. 

ഒരു ക്ഷേത്രത്തിന്റെ/ ഒരു പണിക്കരുടെ കൈയിലുള്ള കളിയുടെ ചുവടുകളും പാട്ടും മറ്റൊരു ക്ഷേത്രത്തിന് കൈമാറുന്ന പതിവില്ല. പൂരക്കളി പാട്ടുകളുടെ പ്രസിദ്ധീകരണം പഴയകാലത്ത് ഇല്ലായിരുന്നു. പൂര്‍വികരായ പണിക്കന്‍മാര്‍ ഓലയിലെഴുതി സൂക്ഷിക്കാറാണ് പതിവ്. അവരുടെ ശിഷ്യരായെത്തുന്നവര്‍ക്ക് മാത്രം പകര്‍ന്നു നല്‍കും. 

എന്നാല്‍ കണ്ടും കേട്ടും പഠിച്ചത് ഗോവിന്ദന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചു. ഇന്നത് പുസ്തകരൂപത്തിലായി. കാലത്തിന് മായ്ക്കാനാകാതെ ഈ പാട്ടുകള്‍ ഇവിടെയുണ്ടാകും. കേട്ടു പഠിച്ച് ഹൃദിസ്ഥമാക്കിയ പൂരക്കളി പാട്ടുകളുടെ സമാഹാരം പുറത്തിറക്കി. പൂരക്കളിയിലെ 18 നിറങ്ങളുടേയും വന്‍കളികളായ രാമായണം ഒറ്റ, ഇരട്ട, ഗണപതി, അങ്കം-പട-ചായല്‍, കാമന്‍ പാട്ട്, നാടകം-യോഗി എന്നിവയുടെയെല്ലാം പാട്ടുകളടങ്ങിയ പുസ്തകത്തില്‍ ഓരോ കളിയുടേയും അഞ്ചിലേറെ പാട്ടുകളുണ്ട്. ഇത്രയേറെ പാട്ടുകള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് പകര്‍ത്തിയെഴുതുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

രണ്ടു വര്‍ഷത്തെ കഠിന പ്രയത്നത്തിലാണ് പൂരക്കളി പാട്ടും പൂരോത്സവം ആചാരം, അനുഷ്ഠാനം, മലരമ്പ പൂജ, ഐതിഹ്യം, പൂരമാല 18 നിറം, വന്‍കളികള്‍ എന്നിവയെല്ലാമടങ്ങിയ പുസ്തകം 'പൂരവും പൂരക്കളിയും' തയ്യാറാക്കിയത്. നന്നേ ചെറുപ്പത്തില്‍ പൂരക്കളി സംഘമുണ്ടാക്കി മത്സരത്തിന് പോവുകയെന്നത് ശീലമായിരുന്നു. 

ചെറുവത്തൂര്‍ കൊവ്വലില്‍ 1977-ല്‍ സംഘടിപ്പിച്ച പൂരക്കളി മത്സരത്തില്‍ വിജയിച്ച മയ്യിച്ച-വെങ്ങാട്ട് ഭഗവതിക്ഷേത്ര പൂരക്കളി സംഘത്തിന് വേണ്ടി കെ.കെ.എന്‍.കുറുപ്പില്‍നിന്നു സമ്മാനം ഏറ്റുവാങ്ങിയതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഇന്നും ഗോവിന്ദന്റെ ശേഖരത്തിലുണ്ട്. ഭാര്യ ടി.വി.മാധവിയുടെ സ്മരണക്ക് മുമ്പിലാണ് ഗോവിന്ദന്‍ 'പൂരവും പൂരക്കളിയും' പുസ്തകം സമര്‍പ്പിച്ചത്.

Content Highlights: Pooravum Poorakkaliyum, Mayyicha P. Govindan, Poorakkali