കോഴിക്കോട്: നാനൂറുവർഷം മുമ്പ് ഭക്തകവി പൂന്താനം രചിച്ച അപൂർവമായ തമിഴ് മണിപ്രവാളകൃതി (വാസുദേവപ്പാട്ട്) പൂർണമായും കണ്ടെത്തി. തന്ത്രശാസ്ത്ര ഗവേഷണത്തിനായി കേരളത്തിലെത്തിയ പോളണ്ട് സ്വദേശി ഡോ. മജാക്ക് കരാസിൻസ്കിയും അദ്ദേഹത്തിനൊപ്പം കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗത്തിൽനിന്ന് ഡോക്ടറേറ്റ് നേടിയ വണ്ടൂർ ഗവ. വി.എം.സി. സ്കൂളിലെ സംസ്കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃഷ്ണ ശർമനും ചേർന്നാണ് കണ്ടെത്തിയത്.

കണ്ടെത്തലിനെക്കുറിച്ചും പ്രത്യേകതളേറെയുള്ള ഈ തമിഴ്-മണിപ്രവാള ഭാഷയെക്കുറിച്ചും മജാക്കും സുദേവും ചേർന്നെഴുതിയ ഗവേഷണലേഖനം മാർച്ച് ഒന്നിന് സ്വിറ്റ്സർലൻഡിലെ ‘ജേണൽ ഓഫ് ഇന്ത്യൻ ഫിലോസഫി’-യിൽ പ്രസിദ്ധീകരിച്ചു.

തന്ത്രശാസ്ത്രത്തിൽ അറിവ് നേടാൻ ഇന്ത്യയിലാകമാനം യാത്രചെയ്ത് ഇവർ ഒട്ടേറെ താളിയോലകളുടെ ഡിജിറ്റൽ പകർപ്പ് ശേഖരിച്ചിരുന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ശേഖരം പഠനവിധേയമാക്കിയപ്പോഴാണ് ഈ കൃതി കണ്ടെടുത്തത്.

പൂന്താനം മലയാളകൃതികൾ മാത്രമേ രചിച്ചിട്ടുള്ളൂ എന്ന വാദം നിലനിൽക്കെതന്നെ ഉള്ളൂർ എസ്. പരമേശ്വരയ്യർ (കേരള സാഹിത്യ ചരിത്രം), ഡോ. വി.എസ്. ശർമ, ടി. അച്യുതമേനോൻ (പൂന്താന സർവസ്വം) എന്നിവർ പൂന്താനത്തിന്റെ തമിഴ് കീർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൂന്താന സർവസ്വത്തിൽ (ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം) പൂന്താനത്തിന്റെതായി വാസുദേവപ്പാട്ടിനു പുറമെ പാരും പോരും, മായാവൈഭവം, ആത്മബോധനം എന്നിങ്ങനെ മറ്റു മൂന്നു തമിഴ് കൃതികളെക്കുറിച്ചും പറയുന്നുണ്ട്. ഇതിനൊക്കെയാധാരമായി ഇതുവരെ കണക്കാക്കിയിരുന്നത് കേരള സർവകലാശാലയിൽനിന്ന് ലഭിച്ച പൂന്താനം കൃതികളെപ്പറ്റിയുള്ള താളിയോലകൾ മാത്രമായിരുന്നു.

ഇപ്പോൾ കണ്ടെത്തിയ കൃതികൾ ഭാഷാശാസ്ത്രജ്ഞനായ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ പരിശോധിക്കുകയും ഭാഷ കലർപ്പില്ലാത്ത തമിഴ് മണിപ്രവാളമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗുരുവായൂരിലും വൈക്കത്തും മറ്റും തീർഥാടനം ചെയ്തിരുന്ന പൂന്താനത്തിനു തമിഴ് വൈഷ്ണവ സിദ്ധന്മാരുമായും അവരുടെ സാഹിത്യവുമായും പരിചയമുണ്ടായിരിക്കാനുള്ള സാധ്യതയും വേണുഗോപാലപ്പണിക്കർ തള്ളിക്കളയുന്നില്ല. പൂന്താനം താമസിച്ചിരുന്ന അങ്ങാടിപ്പുറം ദേശത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ ഉണ്ടായിരുന്നതായി ഡോ. എൻ.പി. വിജയകൃഷ്ണനും പറഞ്ഞു.