പാലക്കാട് : പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പ് മാര്‍ട്ട് 9,10, 11 തീയതികളില്‍ നടക്കും. 'കവിത : പ്രതിരോധവും പ്രതിസംസ്‌കൃതിയും' എന്ന പ്രേമയത്തില്‍ നടക്കുന്ന കാര്‍ണിവല്‍ ഫൊട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകന്‍ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും. 

മൂന്നു ദിവസങ്ങളിലായി പട്ടാമ്പി സംസ്‌കൃത കോളജിലെ മൂന്നു വേദികളിലായാണ് കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. വിവിധ വേദികളിലായി പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍, കവിതാവതരണം, സംവാദങ്ങള്‍, കവിതകളുടെ രംഗാവതരണങ്ങള്‍, സെമിനാറുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. 

കോളജ് വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കവിതാ ക്യാമ്പും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കവി പി. രാമന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ മൂന്നു ദിവസത്തെ ചിത്രരചനാ ക്യാമ്പും കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlights: Poetry carnival at Pattambi college