ആറന്മുള: നവീകരണത്തിനിടെ നശിപ്പിച്ച സുഗതകുമാരിയുടെ തറവാട്ടുകാവ് സംരക്ഷിക്കാന്‍ കടുംബാംഗങ്ങളുടെ തീരുമാനം. പുനഃപ്രതിഷ്ഠയുള്‍പ്പെടെ കാവിലേക്കുള്ള കര്‍മ്മങ്ങള്‍ നടത്തുന്നത് ചര്‍ച്ചചെയ്യാന്‍ വാഴുവേലില്‍ കുടുബയോഗം ചേരും. ഫെബ്രുവരി 21-ന് യോഗം നടക്കുമെന്ന് കുടുംബാംഗമായ ശ്രീകുമാര്‍ പറഞ്ഞു. തുടര്‍ന്ന് കാവിന്റെ സംരക്ഷണത്തിനും ആവശ്യമായ നടപടികളെടുക്കും.
കാവില്‍ നവീകരണത്തിന്റെ പേരില്‍ നടന്ന നടപടികളില്‍ കുടുംബാംഗങ്ങള്‍ക്ക് അതിയായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുഗതകുമാരിയുടെ സാന്നിദ്ധ്യത്തില്‍ വര്‍ഷംതോറും പൂജകള്‍ നടന്നിരുന്ന കാവിനോട് ചെയ്യരുതാത്തതാണ് കാട്ടിയിരിക്കുന്നത്. താന്ത്രിക വിധിപ്രകാരമുള്ള പരിഹാരക്രിയകള്‍ വേണ്ടിവരുമെന്നാണ് കിട്ടിയ നിര്‍ദേശം. അതിനാവശ്യമായ നടപടികള്‍ കുടുംബയോഗത്തില്‍ തീരുമാനിക്കും. നിശ്ചയിക്കുന്ന തന്ത്രിമാരെ കണ്ട് അവരുടെ നിര്‍ദേശ പ്രകാരമായിരിക്കും മറ്റ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
64 ലക്ഷം രൂപ മുടക്കി പുരാവസ്തുവകുപ്പ് വാഴുവേലില്‍ തറവാട്ടില്‍ നവീകരണം നടത്തിയിരുന്നു. ഇതിനിടയിലാണ് കുടുംബക്കാവിലെ മരങ്ങള്‍ വെട്ടിയതും കരിങ്കല്ല് പാകിയതും. വിഗ്രഹങ്ങളില്‍ പെയിന്റടിക്കുകയും കരിങ്കല്ല് പാകിയത് മറയ്ക്കാന്‍ തറയില്‍ ചെളികലക്കി ഒഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാവ് നവീകരണം തങ്ങള്‍ നടത്തിയിട്ടില്ലെന്നതാണ് പുരാവസ്തു വകുപ്പിന്റെ നിലപാട്. കാവ് നശിപ്പിച്ചതില്‍ മുന്‍ എം.എല്‍.എ. എ.പദ്മകുമാറിന്റെ പരാതിയിലും, ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുന്നുണ്ട്.
Content Highlights: Poet Sugathakumari's Ancestral Home Renovation controversy