പത്തനംതിട്ട: കാവ് തീണ്ടല്ലേ എന്നു പറഞ്ഞും എഴുതിയും പഠിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും ഇനി ഓര്‍മ്മ. പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങളും മറ്റും വെട്ടിമാറ്റിയത്. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും വേണ്ടി നിലകൊണ്ട സുഗതകുമാരിയുടെ ശബ്ദത്തിന്റെ മുഴക്കം തീരുംമുന്‍പാണ് ആരെയും വേദനിപ്പിക്കുന്ന നടപടി.
ആറന്മുളയിലെ വാഴുവേലില്‍ തറവാട്ടില്‍ പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 64 ലക്ഷം മുടക്കിയായിരുന്നു നവീകരണജോലികള്‍ നടന്നത്. സ്വകാര്യ കമ്പനിക്കായിരുന്നു കരാര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബവളപ്പിലെ ചില മരങ്ങള്‍ നേരത്തെ ഒഴിവാക്കി. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സര്‍പ്പക്കാവിന്റെ 'പുനരുദ്ധാരണവും' നടത്തിയത്. കാവില്‍ നിറഞ്ഞുനിന്ന ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടര്‍പ്പുകളുമെല്ലാം വെട്ടിമാറ്റി. മരങ്ങള്‍ ഒഴിവാക്കി ഇപ്പോള്‍ കാവിനകത്ത് വിഗ്രഹത്തറയ്ക്ക് ചുറ്റും കരിങ്കല്ല് പാകിയിട്ടുണ്ട്. ഇനി പുല്ലുപോലും കിളിര്‍ക്കാനിടയില്ല. കാവില്‍ അവശേഷിക്കുന്നത് കഴിഞ്ഞയിടെ ചില ചടങ്ങിനെത്തിയവര്‍ നട്ട മരത്തിന്റെ തൈകള്‍ മാത്രമാണ്. പഴയ ഓര്‍മ്മ അവശേഷിപ്പിച്ച് വലിയ ഒരു വള്ളിപ്പടര്‍പ്പിന്റെ മൂടും വെട്ടിനിര്‍ത്തിയിട്ടുണ്ട്.
നവീകരിച്ച തറവാടിന്റെ സമര്‍പ്പണത്തിന് എത്തുമ്പോഴാണ് പലരും കാവിന്റെ പഴയ മുഖം നഷ്ടമായത് അറിയുന്നത്. സുഗതകുമാരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതുവരെ കാവിലെത്തി പൂജകള്‍ നടത്തിയിരുന്നതാണ്. 2017-ലാണ് കവയിത്രി അവസാനമായി തറവാട്ടില്‍ വന്നുപോയത്. കാവിലെയും പരിസരത്തെയും മരങ്ങളും മറ്റും സംരക്ഷിക്കണമെന്ന നിലപാട് സുഗതകുമാരി അവസാന നാളുകള്‍ വരെ തുടര്‍ന്നിരുന്നു. തനിമ നഷ്ടപ്പെടുത്തിയുള്ളതൊന്നും പാടില്ലെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നതാണ്
Content Highlights: Poet Sugathakumari's Ancestral Home Renovation